പനി പിടിച്ചിട്ടും ഉന്നം തെറ്റാതെ രുദ്രാന്‍ക്ഷ്, ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
കെയ്റോ:കടുത്ത പനി, ക്ഷീണം…എന്നാല്‍ അതിനെയൊന്നും വകവെയ്ക്കാതെ ഷൂട്ടിങ് ലോകകപ്പില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യയുടെ ലോകചാമ്പ്യന് രുദ്രാന്‍ക്ഷ് പാട്ടീലിന് സ്വര്‍ണം. ഈജിപ്തിലെ കെയ്റോയില്‍ വെച്ച് നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രുദ്രാന്‍ക്ഷ് സ്വര്‍ണം നേടി.
രുദ്രാന്ക്ഷിന്റെ ആദ്യ ഷൂട്ടിങ് ലോകകപ്പ് വ്യക്തിഗത മെഡലാണിത്.19 കാരനായ രുദ്രാന്‍ക്ഷ് ഫൈനലില്‍ 629.3 പോയന്റ് നേടിയാണ് ഒന്നാമതെത്തിയത്.
യോഗ്യതാ മത്സരത്തില്‍ 262 പോയന്റ് നേടിയാണ് താരം ഫൈനലിലെത്തിയത്. എട്ടുപേരാണ് മെഡലിനായി ഫൈനലില്‍ മത്സരിച്ചത്. ജര്‍മനിയുടെ മാക്സിമിലിയന്‍ അള്ബ്രിച്ച് വെള്ളി നേടിയപ്പോള്‍ ക്രൊയേഷ്യയുടെ മിരാന്‍ മാരിസിച്ച് വെങ്കലം നേടി. കഴിഞ്ഞ വര്‍ഷം കെയ്റോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയിരുന്നു.