അജ്ഞാതൻ വീണ്ടും വെടി പൊട്ടിച്ചു! ഇന്ത്യ തേടുന്ന കൊടും ഭീകരൻ പാകിസ്ഥാനിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റു മരിച്ചു, ഭയന്ന ഐ എസ് ഐ ആദ്യം ചെയ്തത്
ഇസ്ലാമാബാദ് : ഇന്ത്യ തേടുന്ന കൊടും ഭീകരൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പാക് തലസ്ഥാനത്ത് വച്ച് ഹിസ്ബുൾ കമാൻഡർ ബഷീർ അഹമ്മദ് പിർ എന്ന ഇംതിയാസ് ആലം കൊല്ലപ്പെട്ടത്. 2022 ഒക്ടോബറിൽ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ ‘ലോഞ്ചിംഗ് കമാൻഡർ’ എന്നാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്. പാകിസ്ഥാനിൽ നിന്നും ഭീകരരെ ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായിരുന്നു ഇയാൾ.ഫെബ്രുവരി 20 ന് വൈകുന്നേരം ഇസ്ലാമാബാദിലെ റാവൽപിണ്ടി ഏരിയയിൽ വച്ചാണ് ആലം കൊല്ലപ്പെട്ടത്. ഒരു ഷോപ്പിന് മുന്നിൽ നിന്ന ഇയാൾക്ക് നേരെ അജ്ഞാതരായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നുവെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ അടുത്തയാളാണ് ആലം. വടക്കൻ കാശ്മീരിലെ കുപ്വാര ജില്ലയിലെ ബാബർപോറയിൽ ജനിച്ച ഇയാൾ 2000 മുതൽ പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തികൾ നിയന്ത്രിച്ചിരുന്നത്. ജമ്മു കാശ്മീരിൽ ശരിയത്ത് നിയമം നടപ്പാക്കാനായി ഇയാൾ യുവാക്കളെ പ്രേരിപ്പിച്ചിരുന്നു. ഇതിനായി പാക് അധീന കാശ്മീരിൽ നിന്നുള്ള ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും ഏകോപിപ്പിച്ചിരുന്നു.So, has the battlefield shifted? Hizbul Mujahideen launching commander Bashir Ahmad Peer @ Imtiaz Aalam of Kupwara has been shot dead in Rawalpindi, Pakistan. IS top man Aijaz Ahmad Ahangar of Nawakadal Srinagar reportedly shot dead by Taliban in Kunar Province of Afghanistan.. pic.twitter.com/6S8ndvWJ2H— Ahmed Ali Fayyaz (@ahmedalifayyaz)February 21, 2023ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്ഥാപക അംഗമായിരുന്നു ഇംതിയാസ്, ഭീകര സംഘടനയിലെ മൂന്നാം കമാൻഡറായിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നാണ് ഭീകരന് വെടിയേറ്റത്. തുടർന്ന് ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാന്റെ മോശം സാമ്പത്തിക സാഹചര്യങ്ങൾ കാരണം പഴയതു പോലെ ഐ എസ് ഐയ്ക്ക് ഭീകരർക്ക് ഫണ്ട് എത്തിക്കുവാൻ കഴിയുന്നില്ല. 2007ൽ പാകിസ്ഥാനിൽ വച്ച് ഇംതിയാസ് ആലം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഐഎസ്ഐ ഇടപെട്ട് പിന്നീട് വിട്ടയച്ചിരുന്നു. ഇയാൾ കൊല്ലപ്പെട്ടതിന് പിന്നാലെ സയ്യിദ് സലാഹുദ്ദീൻ ഉൾപ്പെടെയുള്ള ഇന്ത്യ തിരയുന്ന ഭീകരരെ എല്ലാം കനത്ത സുരക്ഷ നൽകി ഐഎസ്ഐ ഒളിപ്പിച്ചു.