ആശ്രമം കത്തിച്ച കേസ്; തെളിവുകൾ നഷ്ടപ്പെട്ടു, അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈംബ്രാഞ്ച്, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് സന്ദീപാനന്ദഗിരി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. അന്വേഷണസംഘം ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് മുമ്പാകെ സമർപ്പിക്കും
പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം അന്വേഷിച്ചത് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘം അഞ്ചുമാസത്തിലധികം അന്വേഷണം നടത്തി. ഇതിനുശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്.
സംഭവദിവസം ആശ്രമത്തിന് മുന്നിൽ ‘ഷിബുവിന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്ത് പ്രതികൾ വച്ചിരുന്നു. ഈ കൈയെഴുത്ത് തെളിവായി കസ്റ്റഡിയിലെടുത്തുവെന്ന് രേഖപ്പെടുത്തി മഹസർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽ സൂക്ഷിക്കുന്നതിനായി കോടതി ഇത് മടക്കിനൽകി. ഇതിപ്പോൾ കേസ് ഫയലിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. പൊലീസ് ഫോട്ടോഗ്രാഫർ റീത്തിന്റെ ഉൾപ്പെടെ ചിത്രമെടുത്തിരുന്നു. ഈ ഡിജിറ്റൽ തെളിവിൽ നിന്നാണ് കയ്യക്ഷരം കേസിലെ മുഖ്യപ്രതിയായ മരിച്ച പ്രകാശിന്റേതാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്.
സംഭവം നടന്ന ദിവസത്തെ കുണ്ടമൺകടവ് ഭാഗത്തെ ഐഡിയ, വോഡഫോൺ കമ്പനികളുടെ ടവറിൽ നിന്നുള്ള ഫോൺ വിളികളുടെ വിശദാംശങ്ങൾ ആദ്യ അന്വേഷണസംഘം കമ്പനിയിൽ നിന്ന് ശേഖരിച്ചിരുന്നു. ഈ വിവരങ്ങളും കാണാനില്ല. അഞ്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ടെണ്ണം ഉണ്ടായിരുന്നതും കേസ് ഫയലിൽ നിന്ന് കാണാതായി. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികൾ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
തെളിവുകൾ നഷ്ടമായതറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുവിടുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തിട്ടില്ല. എസ് പി സദാനന്ദന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് മൂന്ന് മാസങ്ങൾക്ക് മുൻപ് ക്രൈം ബ്രാഞ്ച് എ ഡി ജി പിയെ വിവരമറിയിച്ചത്. പക്ഷേ തുടർനടപടി ഇതുവരെ ഉണ്ടായിട്ടില്ല.
ആശ്രമം കത്തിച്ച കേസിൽ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പലതും ഒളിച്ചുവച്ചെന്നാണ് സന്ദീപാനന്ദഗിരിയും പരാതിപ്പെടുന്നത്. തെളിവുകൾ അട്ടിമറിച്ചത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നും സന്ദീപാനന്ദഗിരി പറയുന്നു.
എസ് പി സുനിൽകുമാറിന്റെയും ഡി വൈ എസ് പി എം ഐ ഷാജിയുടെയും നേതൃത്വത്തിലുള്ള സംഘം കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ കുറ്റപത്രം നൽകുന്നതിനൊപ്പം ആദ്യ അന്വേഷണത്തിലെ വീഴ്ചകളും ഡി ജി പിയ്ക്ക് റിപ്പോർട്ട് ചെയ്യും.