ഇസ്രയേലിൽ ആറ് മലയാളികൾ കൂടി അപ്രത്യക്ഷരായി, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പോയത് പാസ്പോർട്ട് അടക്കം ഉപേക്ഷിച്ച്
തിരുവനന്തപുരം: ഇസ്രയേലിലേയ്ക്ക് പോയ തീർത്ഥാടക സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. ഇതിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. ഈ മാസം എട്ടിനാണ് 26 പേരടങ്ങുന്ന സംഘം കേരളത്തിൽ നിന്ന് യാത്ര തിരിച്ചത്. യാത്രയ്ക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
തിരുവല്ലത്തെ ട്രാവൽ ഏജൻസി വഴിയായിരുന്നു യാത്രയെന്നാണ് വിവരം. ഈജിപ്ത്, ഇസ്രയേൽ, ജോർദാൻ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലിൽ പ്രവേശിച്ചിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉപേക്ഷിച്ചാണ് ആറുപേരും അപ്രത്യക്ഷരായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഇസ്രയേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാൾ മുങ്ങിയതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആറ് മലയാളികൾ കൂടി അപ്രത്യക്ഷരായിരിക്കുന്നത്. കണ്ണൂർ സ്വദേശി ബിജു കുര്യനാണ് കാണാതായ കർഷകൻ. ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായി സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു. ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്. ഹോട്ടലിൽ നിന്നും ബിജു പാസ്പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞിരുന്നു.