ഹക്കീം ഫൈസി അദൃശേരി സി ഐ സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് രാജിക്കത്ത് കൈമാറി
മലപ്പുറം: സമസ്തയുടെ വിലക്ക് നേരിടുന്ന അബ്ദുൾ ഹക്കീം ഫൈസി അദൃശേരി കോർഡിനേഷൻ ഒഫ് ഇസ്ളാമിക് കോളേജസ്( സി ഐ സി) ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സി ഐ സി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് രാജിക്കത്ത് കൈമാറി. സമസ്തയുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് സാദിഖലി തങ്ങൾ ഇന്നലെ രാത്രി ഹക്കീം ഫൈസിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെട്ടിരുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഹക്കീം ഫൈസി നടത്തിയ കൂടിക്കാഴ്ചയിൽ സമസ്ത നേതാക്കളും പങ്കെടുത്തു. പി കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. വിലക്ക് മറികടന്ന് സാദിഖലി തങ്ങൾ ഹക്കീം ഫൈസിയുമായി കഴിഞ്ഞദിവസം വേദി പങ്കിട്ടതിൽ സമസ്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു
ഹക്കീം ഫൈസിയെ ബഹിഷ്കരിക്കണമെന്ന് സമസ്ത യുവജന വിദ്യാർത്ഥി വിഭാഗം യോഗം ചേർന്ന് തീരുമാനമെടുത്തതിന് ശേഷം സാദിഖലി തങ്ങൾ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സംഘടനാ വിരുദ്ധപ്രവർത്തനം ചൂണ്ടിക്കാട്ടി എല്ലാഘടകങ്ങളിൽ നിന്നും ഹക്കീം ഫൈസിയെ സമസ്ത നേരത്തെ പുറത്താക്കിയിരുന്നു.