മദ്യം നൽകി യുവതിയെ കൂട്ട ബലാത്സംഘത്തിനിരയാക്കിയ സംഭവം; 19ഉം 21ഉം വയസുകാരായ പ്രതികളെ പൊലീസ് പിടികൂടിയത് ഇത്തരത്തിൽ
കോഴിക്കോട്: നഴ്സിംഗ് വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത് ലൊക്കേഷൻ മാപ്പിന്റെ അടിസ്ഥാനത്തിൽ. കോഴിക്കോട്ട് പഠിക്കുന്ന എറണാകുളം സ്വദേശിനിയായ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ പരാതി പ്രകാരമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എറണാകുളം സ്വദേശികളായ അമ്പാടി(19), അമൽ(21) എന്നിവരെ ലൊക്കേഷൻ മാപ്പ്, ഫോൺ ലൊക്കേഷൻ എന്നിവയുടെ സഹായത്തിലാണ് അന്വേഷണ സംഘം കുടുക്കിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തന്നെ പീഡിപ്പിച്ചത് സുഹൃത്തുക്കളായ രണ്ടുപേരാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.പ്രതികളും പെൺകുട്ടിയും ഏറെ നാളായി അറിയുന്നവരാണ്. പ്രതികളിലൊരാൾ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്. ശനിയാഴ്ച രാത്രി പെൺകുട്ടിയെ പ്രതികൾ താമസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബലമായി വലിയ അളവിൽ മദ്യം കുടിപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.പിറ്റേദിവസം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ ഉപേക്ഷിച്ചശേഷം പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയിലും വീട്ടിലേയ്ക്കും പോവുകയായിരുന്നു. അടുത്ത ദിവസം വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയപ്പോൾ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.