വാട്സാപ്പ് വഴി ഇടപാട് ഉറപ്പിക്കും, ‘കസ്റ്റമർ’മാരായി കോളേജ് വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും, എംഡിഎംഎയുമായി പോളി വിദ്യാർത്ഥി വീണ്ടും പിടിയിൽ
തൊടുപുഴ: കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിയെത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവേ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടിൽ അമൽ ജ്യോതിയാണ് (21) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ തൊടുപുഴ പാപ്പൂട്ടി ഹാളിന് സമീപത്ത് നിന്നാണ് പ്രതിയെ എം.ഡി.എം.എയുമായി പിടികൂടുന്നത്. തുടർന്ന് പ്രതി കച്ചവടം നടത്തിയിരുന്ന ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പൊലീസ് പരിശോധന നടത്തി. വാട്സ്ആപ്പ് വഴിയാണ് ഇയാളുടെ ഇടപാടുകൾ. ആവശ്യാനുസരണം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇയാൾ ഹോസ്റ്റലിലടക്കം ലഹരി എത്തിച്ചു നൽകും. ഒരു മാസം മുമ്പ് എക്സൈസും അമലിനെ ലഹരിയുമായി പിടികൂടിയിരുന്നു. അമലിന്റെ കൂട്ടാളികളെക്കുറിച്ചും ഇവർക്ക് ലഹരി എത്തിച്ചു നൽകുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.എച്ച്.ഒ വിഷ്ണുകുമാർ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു, എസ്.എച്ച്.ഒ വിഷ്ണുകുമാർ, എ.എസ്.ഐമാരായ നജീബ്, ഷംസുദ്ദീൻ, ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.