അമിത വേഗത്തിലെത്തിയ കാർ ബൈക്കിന് പിന്നിലിടിച്ച് യുവാവ് മരിച്ചു; മാസങ്ങള്‍ക്കിടെ ബൈപാസില്‍ പൊലിഞ്ഞത് 11 ജീവന്
തിരുവനന്തപുരം: അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുമ്പോഴും മൗനം പാലിച്ച് അധികൃതർ. തിരുവല്ലം കോവളം ബൈപാസ് റോഡിൽ മാസങ്ങൾക്ക് ഉള്ളിൽ പൊലിഞ്ഞത് 11 ജീവനുകൾ. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ തിരുവല്ലം ജങ്ഷന് സമീപം ബൈക്കിന് പിന്നിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് യുവാവ് മരിച്ചു. പൂന്തുറ അമ്പലത്തറ സീന്ത് മഹലിൽ നിസാമുദ്ദീൻ (33) ആണ് മരിച്ചത്.
കോവളത്തു പോയി മടങ്ങുകയായിരുന്ന നിസാമിന്റെ ബൈക്കിനു പിന്നിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു എന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
ഗുരുതര പരിക്ക് പറ്റിയ നിസാമുദ്ദീനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച്ച പുലർച്ചെ മരിക്കുകയായിരുന്നു. തിരുവല്ലം, പാച്ചല്ലൂർ–തോപ്പടി ഭാഗങ്ങളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അപകടങ്ങൾ തുടർച്ചയായി നടക്കുന്നത്. പ്രദേശത്ത് തെരുവു വിളക്കുകൾ ഇല്ലാത്തതും വാഹനങ്ങളുടെ അമിതവേഗവും വരുത്തി വെയ്ക്കുന്ന അപകടങ്ങൾ തുടർകഥ ആയിട്ടും ബന്ധപ്പെട്ടവർ വേണ്ട നടപടികൾ കൈകൊള്ളാത്തതിൽ നാട്ടുകാർക്കിടയിൽ അമർഷം ഉയരുന്നുണ്ട്.
ഒരു അപകടം നടന്നാൽ തന്നെ പരിക്ക് പറ്റിയവരെ ആശുപത്രികളിലേക്ക് മാറ്റാൻ കാലതാമസം എടുക്കുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഈഞ്ചക്കൽ മുതൽ മുക്കോല ഭാഗങ്ങൾ നോക്കിയാൽ വിഴിഞ്ഞം ഭാഗത്ത് മാത്രമാണ് 108 ആംബുലൻസ് സേവനം ലഭ്യമായിട്ടുള്ളത്. ഈ ആംബുലൻസ് ഓട്ടം പോയാൽ പിന്നെ അടുത്ത ആംബുലൻസ് വരണമെങ്കിൽ കാലതാമസം എടുക്കും എന്ന് നാട്ടുകാർ പറയുന്നു. ബൈപാസ് കേന്ദ്രീകരിച്ച് ആംബുലൻസ് സേവനം ലഭ്യമാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.