സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ ജനക്കൂട്ടം തെരുവിൽ
ഇസ്ലാമാബാദ് : സ്ഫോടന വസ്തുക്കളുമായി പാക് സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്ത വനിതാ ചാവേറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിൽ ജനക്കൂട്ടം തെരുവിൽ. മഹൽ ബലൂച് എന്ന വനിതാ ചാവേറിനെയാണ് ക്വറ്റയിൽ തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്മെന്റ് (സിടിഡി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. മഹലിനെതിരെ കെട്ടച്ചമച്ച കേസാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ബലൂചിസ്ഥാനിലാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് മെഹലിനെതിരെ കേസെടുത്തത്. ഇവരുടെ ഹാൻഡ്ബാഗിൽ നിന്ന് സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച സൂയിസൈഡ് ജാക്കറ്റ് കണ്ടെടുത്തു. ക്വറ്റയിലെ സൈനിക മേഖലയിൽ ആക്രമണം നടത്താനാണ് ചാവേർ എത്തിയതെന്നാണ് നിഗമനം. അറസ്റ്റിന് പിന്നാലെ ശൃംഖലയിലെ ശേഷിക്കുന്ന അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബലൂചിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ റെയ്ഡുകൾ നടത്താനാണ് അധികൃതരുടെ തീരുമാനം. സാമ്പത്തിക പരാധീനതകളിൽ കഷ്ടപ്പെടുന്ന പാകിസ്ഥാനിൽ ഒന്നിന് പുറകെ ഒന്നായി ഭീകരാക്രമണം നടക്കുന്നത് പാക് ഭരണകൂടത്തിന് തലവേദനയായിരിക്കുകയാണ്.