അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസ്: വിധി നാളെ
കൊല്ലം ∙ മകനും കൂട്ടുകാരനും ചേർന്ന് അമ്മയെ ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയെന്ന കേസിൽ നാലാം അഡീഷനൽ സെഷൻസ് കോടതി നാളെ വിധി പറയും. പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ സുനിൽ, ഇയാളുടെ സുഹൃത്ത് കൊല്ലം പുള്ളിക്കട ശങ്കർ നഗർ പുഷ്പ ഭവനിൽ കുട്ടൻ എന്നിവരാണു യഥാക്രമം ഒന്നും രണ്ടും പ്രതികൾ.2019 സെപ്റ്റംബറിലാണു കേസിന് ആസ്പദമായ സംഭവം.
സാവിത്രിയമ്മയുടെ പേരിലുള്ള വീടും വസ്തുവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു സുനിൽ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ വീടും വസ്തുവും മൂത്തമകളുടെ പേരിൽ എഴുതി നൽകാൻ തീരുമാനിച്ചതായും ഇതിനായി പ്രമാണം മകളെ ഏൽപിച്ചതായും സുനിലിനോട് അമ്മ പറഞ്ഞു.
ഇതിൽ പ്രകോപിതനായ പ്രതി അമ്മയെ ക്രൂരമായി മർദിക്കുകയും തുണി ഉപയോഗിച്ചു കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സാവിത്രിയമ്മ ബോധരഹിതയായി വീണു. തുടർന്ന്, ഇയാളുടെ സുഹൃത്ത് കുട്ടനെ വിളിച്ചു വരുത്തി വീടിനു സമീപം കുഴിയെടുത്തശേഷം അതിൽ കിടത്തി മണ്ണിട്ടു മൂടി കൊലപ്പെടുത്തി എന്നാണു കേസ്.
കൊല്ലം സിറ്റി പൊലീസ് എസിപി ആയിരുന്ന പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ.രാജേഷും സംഘവും നടത്തിയ അന്വേഷണത്തിലാണു കൊലപാതകം പുറത്തു വരുന്നത്. പിന്നീട്, സുനിലിനെ അറസ്റ്റ് ചെയ്യുകയും സാവിത്രിയമ്മയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തി
സംസ്കരിക്കുകയും ചെയ്തു. രണ്ടാം പ്രതി കുട്ടനെ പള്ളിത്തോട്ടം സ്റ്റേഷൻ എസ്ഐ ആയിരുന്ന പി.പ്രദീപും സംഘവും തമിഴ്നാട്ടിൽ നിന്നു പിടികൂടുകയായിരുന്നു.2015ൽ വടക്കേവിള സ്വദേശി സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സുനിൽ. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.