രണ്ടെണ്ണം വീശി വാഹനമോടിക്കുന്നവർക്ക് പുതിയ ‘ചിലന്തിവല’ക്കെണി; മദ്യപിച്ചതിനു പിടിച്ച കാര്യം കോടതിയിൽ നിഷേധിക്കാനാവില്ല
തൃശൂർ∙ രണ്ടെണ്ണം വീശി വാഹനമോടിക്കുന്നവർക്ക് പുതിയ വലക്കെണി വരുന്നു. സ്പൈഡർ ‘ ആപ്പ് ’. മദ്യപിച്ചു വാഹനമോടിച്ചു പൊലീസ് പിടിച്ചാൽ അതിന്റെ സമ്പൂർണ വിവരങ്ങൾ ചിത്രം സഹിതം ഒരു രേഖയായി അപ്പോൾത്തന്നെ റിപ്പോർട്ടാക്കുമെന്നതാണ് ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കാവുന്ന സ്പൈഡർ ആപ്പിന്റെ പ്രത്യേകത. മദ്യപിച്ചു വാഹനമോടിക്കുന്നയാളെ പൊലീസ് ബ്രെത്ത് അനലൈസറിൽ ഊതിച്ചു പിടികൂടുകയാണു പതിവ്. പിന്നീട് മെഡിക്കൽ ചെക്കപ്പ് നടത്തി മദ്യത്തിന്റെ അളവ് കണ്ടെത്തുകയും സ്റ്റേഷനിലെത്തിച്ചു പേരും വിവരവും എഴുതിച്ചേർത്തു കേസെടുക്കുകയും ചെയ്യും.
എന്നാൽ ഇപ്പോൾ നിർമാണത്തിന്റെ അന്ത്യഘട്ടത്തിലെത്തിനിൽക്കുന്ന ആപ്പ് പൊലീസുകാരന്റെ ഫോണിൽ ഡൗൺലോഡ് ചെയ്ത് അദ്ദേഹം ഉപയോഗിക്കുന്ന ബ്രെത്ത് അനലൈസറുമായി കണക്ട് ചെയ്യും. ഡ്രൈവർ മദ്യപിച്ചെന്ന് അലാം വഴി വിവരം ലഭിച്ചാലുടൻ മൊബൈലിലെ ആപ്പ് തുറക്കും. ഇതിലേക്ക് രക്തത്തിലെ മദ്യത്തിന്റെ അംശം (ബ്ലഡ് ആൽക്കഹോൾ പെർസന്റേജ് – ബിഎസി), പരിശോധന നടന്ന ലൊക്കേഷൻ, സമയം തുടങ്ങിയ വിവരങ്ങളെല്ലാം കയറും. മദ്യപിച്ചു വാഹനമോടിച്ചയാളുടെ പടം, വിലാസം, വാഹനത്തിന്റെ നമ്പർ കാണിക്കുന്ന ചിത്രം ഇവയൊക്കെ സെക്കൻഡുകൾ കൊണ്ട് അപ്ലോഡ് ചെയ്യാം.
ഒരു പിഡിഎഫ് പേജായി ആപ്പിൽ അപ്പോൾത്തന്നെ റിപ്പോർട്ടാകും. ഇത് പ്രിന്റ് എടുക്കുകയോ മെയിൽ ചെയ്യുകയോ ആവാം. ഈ രേഖയിൽ ഒരു ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഇതു സ്കാൻ ചെയ്താലും പരിശോധനയുടെ മുഴുവൻ വിശദാംശങ്ങളും ലഭിക്കും. മദ്യപിച്ചതിനു പിടിച്ച കാര്യം കോടതിയിൽ നിഷേധിക്കാനാവില്ലെന്നു സാരം. പക്ഷേ, നിലവിലെ നിയമമനുസരിച്ച് കോടതിയിൽ ഹാജരാക്കാൻ ഡോക്ടർ പരിശോധിച്ചു മദ്യത്തിന്റെ അംശം രേഖപ്പെടുത്തുന്ന നടപടി തുടരേണ്ടി വരും.
പൊലീസിന് പരിശോധന സുതാര്യമാക്കാനും കേസ് ഫയൽ രൂപപ്പെടുത്തുന്നത് എളുപ്പമാക്കാൻ സഹായിക്കുന്നതുമായ ഈ ആപ്പിനു പിന്നിൽ, ഇപ്പോൾ പൊലീസ് ഉപയോഗിക്കുന്ന ഊതാൻ സ്ട്രോ വേണ്ടാത്ത തരം ബ്രത്ത് അനലൈസർ രൂപപ്പെടുത്തിയയാൾ തന്നെ – പൊലീസ് അക്കാദമിയിൽ എസ്ഐ ആയ ബോബി ചാണ്ടി. ഓഗസ്റ്റോടെ ആപ്പ് പൂർണരൂപമാകുമെന്ന് ഇദ്ദേഹം പറയുന്നു. പൊലീസ് ഉപയോഗിക്കുന്ന നൂറുകണക്കിനു ബ്രത്ത് അനലൈസറുകൾ ബോബി ചാണ്ടി സ്വന്തം കൈ കൊണ്ടു നിർമിക്കുന്നവയാണ്. കാഴ്ച– കേൾവി ഭിന്നശേഷിക്കാർക്കു റോഡ് മുറിച്ചു കടക്കാൻ സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ അലാം മുഴങ്ങുകയും വൈബ്രേഷൻ ലഭിക്കുകയും ചെയ്യുന്നതിനു ബോബി കണ്ടെത്തിയ സംവിധാനം ഇപ്പോൾ തൃശൂർ സ്വരാജ് റൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്.