ജനങ്ങളുടെ മുൻപിൽ ഞങ്ങളെ മോശക്കാരാക്കരുതേ! ഡീസലിൽ 1,000 ലീറ്ററിന്റെ വെട്ടിപ്പ് കണ്ടെത്തിയ വിവരം പുറത്തറിയിച്ചതിന് മാദ്ധ്യമങ്ങളെ വിമർശിച്ച് കെ എസ് ആർ ടി സി
കഴിഞ്ഞ ദിവസം നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ 1,000 ലീറ്ററിന്റെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളെ വിമർശിച്ച് കെ എസ് ആർ ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്. നെടുമങ്ങാട് എംഎസ്പി ഫ്യൂവൽസ് കൊണ്ടുവന്ന ടാങ്കറിൽ 15,000 ലീറ്റർ ഡീസൽ ഉണ്ടെന്നായിരുന്നു അവകാശവാദമെങ്കിലും കെഎസ്ആർടിസിയുടെ പരിശോധനയിൽ 14,000 ലീറ്ററേ ഉള്ളൂ എന്നത് ബോദ്ധ്യപ്പെടുകയായിരുന്നുവെന്ന് സമ്മതിക്കുന്ന കെ എസ് ആർ ടി സി മാനേജ്മെന്റ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതിലൂടെ കെ എസ് ആർ ടി സിക്ക് ചീത്തപ്പേരുണ്ടായി എന്നാണ് ആരോപിക്കുന്നത്.
ഡീസൽ കുറവുണ്ടായിരുന്നു എന്നത് കണ്ടെത്തിയത് കെ എസ് ആർ ടി സിയാണെന്നും, പിന്നെ എന്തിന് തങ്ങളെ കുറ്റക്കാരാക്കുന്നു എന്നുമാണ് വിമർശനം. വീഴ്ചയിൽ നിന്നും കരകയറുവാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയെയും ഇതിലെ ജീവനക്കാരെയും പൊതു സമൂഹത്തിനിടയിൽ വീണ്ടും വീണ്ടുംവെറുതെ മോശക്കാരാക്കുകയാണ് ലക്ഷ്യമെന്നും ആരോപിക്കുന്നു.
അതേസമയം നെടുമങ്ങാട് ഡിപ്പോയിൽ ഡീസൽ അളവ് കുറവാണെന്ന് വളരെ നേരത്തേ പരാതിയുണ്ടായിരുന്നിട്ടും കെ എസ് ആർ ടി സി അധികാരികൾ ചെവിക്കൊണ്ടിരുന്നില്ല. പകരം ഡ്രൈവിംഗ് രീതിയിലെ അപാകതകളാണ് മോശം മൈലേജിന് കാരണം എന്നായിരുന്നു അധികാരികളുടെ വാദം. ഇത് മറച്ചു വച്ചാണ് ഇപ്പോൾ മാദ്ധ്യമങ്ങളുടെ മേൽ മാനേജ്മെന്റ് കുതിരകയറാൻ ശ്രമിക്കുന്നത്.