ചെരുപ്പിൽ പറ്റിയിരുന്ന പെയിന്റിൽ നിന്നാണ് പൊലീസ് തെളിവ് കണ്ടെത്തിയത്, ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമിച്ച അനീഷിനെ പൂട്ടിയത് സിനിമാക്കഥകളെ വെല്ലുന്നതരത്തിൽ
കൊല്ലം : തെങ്കാശിയിൽ ഗേറ്റ് കീപ്പറായ മലയാളിയുവതിയെ ഗാർഡ് റൂമിൽ കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പത്തനാപുരം വാഴവിള വീട്ടിൽ അനീഷ് മുരളി (27) ഞായറാഴ്ച വൈകിട്ട് 6.30 ഓടെ തമിഴ്നാട് പുളിയറയിൽ നിന്നാണ് റെയിൽവേ പൊലീസിന്റെ വലയിലായത്. കുന്നിക്കോട് സ്റ്റേഷൻ പരിധിയിൽ 20 കാരിയെ പീഡിപ്പിച്ച കേസിലും അനീഷ് പ്രതിയാണ്. ഈ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി ഒരുവർഷം തികയുന്നതിനു മുമ്പാണ് ഈ അതിക്രമം.
സംഭവം നടന്ന തെങ്കാശിയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള പാവൂർഛത്രം റെയിൽവേ ഗേറ്റിനു പിന്നിലെ വാടക വീട്ടിലാണ് പെയിന്റിംഗ് തൊഴിലാളിയായ അനീഷ് താമസിച്ചിരുന്നത്. പുനലൂർ സ്വദേശികളായ മറ്റു രണ്ട് പെയിന്റിംഗ് തൊഴിലാളികൾ കൂടി ഇതേ വീട്ടിൽ താമസിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ കോൺട്രാക്ടർക്ക് കീഴിലായിരുന്നു ജോലി. വ്യാഴാഴ്ചകളിൽ രാത്രി ഇവർ നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. പതിവ് പോലെ വ്യാഴാഴ്ച രാത്രി നാട്ടിലേക്കു പോകുന്നതിന് മുന്നോടിയായി മൂവരും പാവൂർഛത്രത്തിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ പോയി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം മറ്റു രണ്ടു പേരും വീട്ടിലേക്കു പോയി. അനീഷ് റെയിൽവേ ലെവൽക്രോസിലേക്കാണ് പോയത്.
രാത്രി എട്ടു മണിക്കുള്ള ട്രെയിൻ കടന്നുപോയാൽ ഏറെനേരം കഴിഞ്ഞാണ് അടുത്തത്. നിരവധി ദിവസം നിരീക്ഷിച്ച് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് അനീഷ് വ്യാഴാഴ്ച രാത്രി 8.45 ഓടെ ലെവൽക്രോസിലെത്തിയത്. പ്രതി പിൻവാതിലിലൂടെ അകത്തുകയറുമ്പോൾ ഗേറ്റ് കീപ്പറായ വനിത തിരിഞ്ഞിരുന്ന് മൊബൈലിൽ നോക്കുകയായിരുന്നു. കടന്നുപിടിച്ചതോടെ ഉച്ചത്തിൽ ബഹളം വച്ചു. ഇതോടെ വാ പൊത്തിപ്പിടിച്ച് കഴുത്തു ഞെരിച്ചു. റെയിൽവേ ഫോണിന്റെ റിസീവറെടുത്ത് തലയ്ക്കടിച്ചു. ഇതിനിടയിൽ സർവ്വ ബലവും പ്രയോഗിച്ച് പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപെട്ട് പുറത്തേക്ക് ഇറങ്ങിയോടി. പിന്തുടർന്നെത്തിയ പ്രതി ചവിട്ടി വീഴ്ത്തിയശേഷം റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചെങ്കിലും വീണ്ടും രക്ഷപ്പെട്ട യുവതി തൊട്ടടുത്ത റോഡിലേക്ക് എത്തി. ഇതോടെ പ്രതി ഓടിമറയുകയായിരുന്നു.