ജമാഅത്തെ ഇസ്ലാമി എന്തിനാണ് മുസ്ലിങ്ങളുടെ വാപ്പയാകാന്‍ ശ്രമിക്കുന്നത് – കെ.ടി. ജലീല്‍
കാസര്‍കോട്: ഇന്ത്യയിലെ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ജമാ അത്തെ ഇസ്ലാമിക്കില്ലെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പറഞ്ഞു. ജമാഅത്ത് ഇസ്ലാമി- ആര്.എസ്.എസ്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മറ്റ് പ്രബല മുസ്ലിം സംഘടനകള്‍പോലും ചര്‍ച്ചയെ തള്ളിപ്പറഞ്ഞു. രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ആര്.എസ്.എസുമായാണോ? ഏതൊക്കെ സംഘടനകളുമായി ചര്‍ച്ച ചെയ്താണ് അജന്‍ഡകള്‍ തീരുമാനിച്ചത്? ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഒരു ന്യൂനപക്ഷത്തിന്റെപോലും പിന്തുണയില്ലാത്ത സംഘടനയാണ് ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി. അത്തരമൊരു സംഘടനയ്ക്ക് മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവകാശമില്ല. സി.പി.എം. മുസ്ലിങ്ങളുടെ അമ്മാവനാകണ്ട എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്തിനാണ് മുസ്ലിങ്ങളുടെ വാപ്പയാകാന്‍ ശ്രമിക്കുന്നത്.
ചര്‍ച്ചയുടെ വിവരങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളും ഒളിപ്പിച്ചുവച്ചു. വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതെക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി -കെ.ടി. ജലീല്‍ പറഞ്ഞു.