മാർക്ക് ലിസ്റ്റ് നൽകാൻ വൈകി; കോളേജിൽ കയറി പ്രിൻസിപ്പലിനെ തീകൊളുത്തി പൂർവ വിദ്യാർത്ഥി
ഭോപ്പാൽ: പ്രിൻസിപ്പലിനെ തീകൊളുത്തിയ പൂർവ വിദ്യാർത്ഥി പിടിയിൽ. മദ്ധ്യപ്രദേശ് ഇൻഡോറിലെ ബി എം ഫാർമസി കോളേജിലാണ് സംഭവം. കോളേജിലെ മുൻ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവ (22) ആണ് പ്രിൻസിപ്പൽ വിമുക്ത ശർമ്മ (50)യെ തീകൊളുത്തിയത്. മാർക്ക് ഷീറ്റ് നൽകാൻ വൈകിയതിന്റെ പേരിലായിരുന്നു ആക്രമണം.ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങാൻ പ്രിൻസിപ്പൽ കാറിലേയ്ക്ക് കയറുന്നതിനിടെ അശുതോഷ് ശ്രീവാസ്തവയോട് മാർക്ക് ഷീറ്റ് ആവശ്യപ്പെടുകയും തുടർന്ന് രൂക്ഷമായ തർക്കത്തിലേയ്ക്ക് എത്തുകയുമായിരുന്നു. പിന്നാലെ അശുതോഷ് കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രിൻസിപ്പലിന്റെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ വിമുക്ത ശർമ്മ ഗുരുതരാവസ്ഥയിലാണ്. അശുതോഷിനും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി വെള്ളച്ചാട്ടത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇതേ വിഷയത്തിൽ കോളേജിലെ മറ്റൊരു അദ്ധ്യാപകനെ കത്തികൊണ്ട് ആക്രമിച്ചതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അശുതോഷ് അറസ്റ്റിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം ലഭിച്ച് ഇയാൾ ജയിൽ മോചിതനായത്.