മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: കനത്ത സുരക്ഷ ഒരുക്കി പൊലീസ്, തടയാൻ യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. കോവളത്തും അയ്യൻകാളി ഹാളിലും മുഖ്യമന്ത്രിക്ക് പൊതു പരിപാടികൾ ഉണ്ട്. പതിവ് പോലെ പൊലീസിന്റെ സുരക്ഷാ കോട്ടയ്ക്ക് ഉള്ളിലായിരിക്കും മുഖ്യമന്ത്രിയുടെ ഓരോ ചലനവും.
മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. നികുതി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ യാത്ര ഹെലികോപ്ടറിലായിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് പല യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.