കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ മാതാവ് കൊല്ലപ്പെട്ടു; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ മാതാവ് കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഇന്നലെ അർദ്ധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരുമായി വൈരാഗ്യമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.