വിഴിഞ്ഞത്ത് റിംഗ് റോഡിനായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് കിട്ടുന്നത് പൊന്നുംവിലയുടെ രണ്ടിരട്ടി
തിരുവനന്തപുരം: നിർദ്ദിഷ്ട വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ്റോഡിന്റെ സർവേ നടപടികൾ അടുത്തമാസം പൂർത്തിയാകാനിരിക്കെ ഭൂവുടമകൾക്ക് നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത് രണ്ടിരട്ടിത്തുക. മാർച്ചിൽ സർവേ പൂർത്തിയാകുന്നതിന് പിന്നാലെ ഭൂമിയുടെ വിലനിർണയം ആരംഭിക്കും.2013ലെ പൊന്നുംവില ഭൂമിയേറ്റെടുക്കൽ ചട്ടപ്രകാരമാണ് നഷ്ടപരിഹാരം. ഭൂമിയേറ്റെടുക്കലിന്റെ പകുതി തുക സംസ്ഥാന സർക്കാരും ബാക്കി പകുതി ദേശീയപാത അതോറിട്ടിയുമാണ് വഹിക്കുക.ഭൂമിയേറ്റെടുത്തശേഷം ബാങ്ക് അക്കൗണ്ട് വഴിയാകും ഉടമകൾക്ക് തുക നൽകുക. ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം ഭൂരേഖകളും നഷ്ടപരിഹാരത്തുകയുടെ വിവരങ്ങളും റവന്യുവകുപ്പ് ദേശീയപാത അതോറിട്ടിയുടെ സോഫ്ട്വെയറിൽ അപ്ലോഡ് ചെയ്യും. പിന്നാലെ ദേശീയപാത അതോറിട്ടി പണം അനുവദിക്കും. നടപടികൾ ഓൺലൈനായതിനാൽ നഷ്ടപരിഹാരത്തിന് കാലതാമസമുണ്ടാകില്ല.മേയിൽ സ്ഥലം ഏറ്റെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം. ജനവാസകേന്ദ്രങ്ങളിലും അല്ലാതെയുമായി 348 ഹെക്ടറാണ് റിംഗ് റോഡിനായി വേണ്ടിവരുന്നത്. സർവീസിൽ നിന്ന് വിരമിച്ചവരുൾപ്പെടെ അറുപതോളം റവന്യു സർവേ ജീവനക്കാരുടെ സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്. പരമാവധി വേഗത്തിൽ ഏറ്റെടുക്കൽ പൂർത്തിയാക്കി നിർമ്മാണത്തിനായി ഭൂമി വിട്ടുകൊടുക്കാനാണ് നീക്കം.നാലുവരിപ്പാതയും സർവീസ് റോഡുംനാലുവരിപ്പാതയും സർവീസ് റോഡുമുൾപ്പെടെ ദേശീയപാതയ്ക്ക് സമാനമായാണ് ഔട്ടർ റിംഗ് റോഡിന്റെയും നിർമ്മാണം. നാലുവരിപ്പാതയ്ക്ക് പുറമേ സർവീസ് റോഡ് കൂടിയുള്ളതിനാൽ ഗതാഗതകുരുക്കുണ്ടാകില്ല. 77 കി.മീറ്റർ റോഡിൽ നിശ്ചിത സ്ഥലങ്ങളിൽ സർവീസ് റോഡിലേക്ക് പ്രവേശനമുണ്ടാകും.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് നീക്കം സുഗമമാക്കാൻ റിംഗ് റോഡ് ഉപകരിക്കും. എല്ലാ വാഹനങ്ങളും ഇതുവഴി കടത്തിവിടും. ഔട്ടർ റിംഗ് റോഡ് ചരക്കുഗതാഗതത്തിന് മാത്രമുള്ളതാണെന്നും സർവീസ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് കയറാനാകില്ലെന്നുമൊക്കെയുള്ളത് വ്യാജ പ്രചാരണമാണെന്ന് ദേശീയപാത അതോറിട്ടി അറിയിച്ചു. നിർമ്മാണ ചെലവ് വീണ്ടെടുക്കാൻ റോഡിന് ടോൾ ഏർപ്പെടുത്തുന്ന കാര്യം ദേശീയപാത അതോറിട്ടിയുടെ പരിഗണനയിലാണ്.തേക്കട – മംഗലപുരം ലിങ്ക് റോഡ് തത്കാലമില്ലഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ പ്രതിഷേധം തുടരുന്ന തേക്കട – മംഗലപുരം ലിങ്ക് റോഡ് നിർമ്മാണം തത്കാലം വേണ്ടെന്നാണ് ദേശീയപാത അതോറിട്ടിയുടെ തീരുമാനം. ഇതിനെതിരെ പ്രദേശവാസികൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാരംഭിച്ച പ്രതിഷേധം കണക്കിലെടുത്താണ് പിൻമാറ്റം. റോഡിനായി ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക ദുരീകരിച്ചശേഷമേ ഭൂമി ഏറ്റെടുക്കലുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകൂവെന്ന് ദേശീയപാത അതോറിട്ടി വെളിപ്പെടുത്തി.