കാഞ്ഞങ്ങാട്: ബേക്കല്‍ പള്ളിക്കരയില്‍ നിന്നും കസ്റ്റംസ് പതിനഞ്ചര കിലോ സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവത്തില്‍ കാറില്‍ നിന്നും പിടികൂടിയ മഹാരാഷ്ട്ര സ്വദേശികളെ എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.ചൊവ്വാഴ്ച്ച സന്ധ്യയ്ക്കാണ് ബേക്കല്‍ പള്ളിക്കരയില്‍ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിക്കൂടിയത്.തലശ്ശേരിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് റോഡ് മാര്‍ഗ്ഗം കള്ളക്കടത്ത് നടത്തിയ സ്വര്‍ണ്ണമാണ് കസ്റ്റംസ് കാറിനകത്തുനിന്നും പിടിച്ചെടുത്തത്.സംഭവത്തില്‍ കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലിയിലെ ആകാശ് (23),ചേതന്‍ (26) എന്നിവരാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിനകത്ത് പ്രത്യേക തയ്യാറാക്കിയ അറയ്ക്കുള്ളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.പിടിയിലായ യുവാക്കള്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വാഹകരാണെന്നാണ് പ്രാഥമിക നിഗമനം.കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചശേഷം റോഡ് മാര്‍ഗ്ഗം വിവിധ സ്ഥലങ്ങളിലെത്തിക്കുകയായിരുന്നു.6.2 കോടിരൂപ വിലവരുന്ന പതിനഞ്ചര കിലോ സ്വര്‍ണ്ണമാണ് ചൊവ്വാഴ്ച്ച സന്ധ്യയ്ക്ക് കാസര്‍കോട് സെന്‍ട്രല്‍ എക്സൈസ് സൂപ്രണ്ട് പി.പി.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടിക്കൂടിയത്.സമീപക്കാലത്ത് കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണ് പള്ളിക്കരയില്‍ നടന്നത്.വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് കുറച്ചുകൂടി സുരക്ഷിതമായ രീതിയില്‍ സ്വര്‍ണ്ണക്കടത്ത് നടത്താന്‍ കള്ളക്കടത്ത് സംഘം റോഡ് മാര്‍ഗ്ഗം തെരഞ്ഞെടുത്തതെന്ന് കരുതുന്നു.സ്വര്‍ണ്ണം ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഇടനിലക്കാര്‍ക്ക് പ്രത്യേകം പ്രതിഫലം നല്‍കിയാണ് സ്വര്‍ണ്ണം കടത്തുന്നത്. ഇത്തരത്തിലുള്ള 2പേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.ഇവരെ വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.