അധികൃതർ പരിശോധനയ്ക്കെത്തിയത് കണ്ട് തടവുകാരൻ ഫോൺ വിഴുങ്ങി, വയറുവേദന സഹിക്കാൻ പറ്റാതായതോടെ പിടിവീണു
പറ്റ്ന: അധികൃതർ പരിശോധനയ്ക്കെത്തിയപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന് തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ബീഹാർ ഗോപാൽ ഗഞ്ച് ജില്ലയിലെ ജയിലിൽ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഖൈഷർ അലി എന്നയാളാണ് പരിശോധനയ്ക്കിടെ ഫോൺ വിഴുങ്ങിയത്.ഞായറാഴ്ചയോടെ അലിയ്ക്ക് കലശലായ വയറുവേദന ഉണ്ടായതോടെയാണ് സംഭവം പുറത്തുവരുന്നത്. അലിതന്നെ ജയിൽ അധികൃതരോട് വിവരം പറയുകയായിരുന്നു. തുടർന്ന് അലിയെ ആശുപത്രിയിൽ എത്തിക്കുകയും എക്സ്റേ എടുക്കുകയും ചെയ്തു. ഇതിൽ അലിയുടെ വയറ്റിൽ ഫോൺ ഉള്ളതായി കണ്ടെത്തുകയായിരുന്നെന്ന് ഗോപാൽ ഗഞ്ച് ജയിൽ സൂപ്രണ്ട് പറഞ്ഞു. അലിയെ വിദഗ്ദ ചികിത്സയ്ക്കായി പാട്ന മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും അധികൃതർ അറിയിച്ചു.2020 ജനുവരിയിലായിരുന്നു അലി അറസ്റ്റിലായത്. മൂന്ന് വർഷമായി ഇയാൾ ജയിലിൽ കഴിയുകയായിരുന്നു. ബീഹാറിലെ ജയിലുകളിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021ൽ നടത്തിയ പരിശോധനയിൽ 35 മൊബൈൽ ഫോണുകളും ഏഴ് സിം കാർഡുകളും 17 ഫോൺ ചാർജറുകളുമാണ് പിടിച്ചെടുത്തത്.