കുറച്ചു വർഷത്തിനുള്ളിൽ തിരുവനന്തപുരത്ത് വരുന്നവർ എയർപോർട്ടും റെയിൽ സ്റ്റേഷനും തിരിച്ചറിയാൻ ബുദ്ധിമുട്ടും, മാറ്റം അത്തരത്തിൽ
തിരുവനന്തപുരം: വിമാനത്താവള മാതൃകയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷനായ തിരുവനന്തപുരം സെൻട്രൽ ആധുനികവത്കരിക്കാൻ കേന്ദ്രസർക്കാർ. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഡിജിറ്റൽ രൂപരേഖ കേന്ദ്ര റെയിൽവേ മന്ത്രാലയം ഫേസ്ബുക്ക്,ട്വിറ്റർ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. നവീകരണ പദ്ധതിയ്ക്ക് 400 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.നിലവിലെ പൈതൃക മന്ദിരവും റെയിൽവേ ലൈനും മാത്രം നിലനിറുത്തിയാകും നവീകരണം. ബംഗളൂരു ആസ്ഥാനമായ റെയിൽവെ ലാൻഡ് ഡെവലപ്മെന്റ് അതോറിട്ടിയ്ക്കാണ് (ആർ.എൽ.ഡി.എ) നിർമ്മാണച്ചുമതല. ഇതുസംബന്ധിച്ച ചർച്ചകൾ റെയിൽവെയുമായി ആർ.എൽ.ഡി.എ അധികൃതർ ഡിസംബർ മുതൽ നടത്തിയിരുന്നു. നിർമ്മാണം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.