ഡ്രൈവർ ഗൂഗിൾ ടൈംലൈനിലില്ല! അപകട ഇൻഷുറൻസ് ക്ലെയിം കിട്ടിയില്ലെന്ന് പരാതി
വാഹനങ്ങളും ഇൻഷുറൻസും തമ്മിലുള്ള ബന്ധം നമുക്കറിയാം. വാഹനത്തിന്റെ റജിസ്ട്രേഷൻ ബുക്കിനും ഡ്രൈവങ് ലൈസൻസിനും ഒപ്പമാണ് ഇൻഷുറൻസിന്റെ വില. അപകടത്തിൽ വാഹനത്തിനു തകരാറുണ്ടായാലും മറ്റൊരു വാഹനത്തിനോ മനുഷ്യനോ പരുക്കേറ്റാലും ആദ്യം അന്വേഷിക്കുന്നത് ഇൻഷുറൻസിനെപ്പറ്റിയാണ്.
ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന നിരവധി കമ്പനികളുണ്ട്. ഇൻഷുറൻസിന്റെ പ്രീമിയവും മറ്റു വിവരങ്ങളും നമ്മൾ ശ്രദ്ധിക്കാറുണ്ടെങ്കിലും ക്ലെയിം സെറ്റിൽമെന്റ് ശതമാനവും ക്ലെയിം റിജക്ഷനുമായി ബന്ധപ്പെട്ട കാരണങ്ങളും കൃത്യമായി മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. ചെറിയ കാരണങ്ങൾക്കു പോലും ക്ലെയിം തള്ളുന്ന കമ്പനികളും ഉണ്ട്.
അപകടത്തിൽപെട്ട ഒരു കാറിന് ഗൂഗിൾ ടൈംലൈൻ ഡേറ്റ നഷ്ടപ്പെട്ടെന്ന പേരിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിച്ച വാർത്ത, ഇൻഷുറൻസ് സേവനങ്ങളെപ്പറ്റി വാഹനഉടമകൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ്. നിഖിൽ റാണ എന്ന യൂട്യൂബർ അദ്ദേഹത്തിന്റെ ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തുവന്നത്. ധനേഷ് എന്ന ടാറ്റ ആൾട്രോസ് ഉടമ ഫെയ്സ്ബുക് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് വിഡിയോയ്ക്ക് ആധാരം. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽനിന്ന് ഇൻഷുറൻസ് എടുത്ത ധനേഷിന് അബദ്ധം സംഭവിച്ചു എന്ന് വിഡിയോയിൽ പറയുന്നു. കാർ മറ്റൊരു വാഹനത്തിനു പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്. പാനലുകളും ബംപറും തകർന്നു ബോണറ്റ് പൂർണമായി നശിച്ചു. ഹെഡ്ലാംപിനും തകരാറുണ്ട്.
അപകടത്തെ തുടർന്ന് അംഗീകൃത സർവീസ് സെന്ററിലാണ് ഉടമ വാഹനം എത്തിച്ചത്. തുടർന്ന് ഇൻഷുറൻസ് ക്ലെയിമിനുള്ള നടപടികൾ ആരംഭിച്ചു. പിന്നാലെ സർവേയർ വാഹനം പരിശോധിക്കാൻ വന്നപ്പോൾ ഉടമയുടെ ഗൂഗിൾ ടൈംലൈൻ ലൊക്കേഷനും അപകടം നടന്ന ലൊക്കേഷനും ചോദിച്ചു. ഉടമ ജിപിഎസ് മാപ്പുകളോ ഗൂഗിൾ ടൈംലൈനോ ഉപയോഗിക്കാറില്ലെന്ന് അറിയിച്ചു. എന്നാൽ ടൈംലൈൻ ഡേറ്റ ഇല്ലാത്തതിനാൽ ക്ലെയിം അംഗീകരിക്കാനാകില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
ഉടമയുടെ അവകാശവാദം നിരസിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഓൺലൈനിൽ പോസ്റ്റ് ഇട്ടത്. മുൻപ് ഉപയോഗിച്ചിട്ടില്ലാത്ത കമ്പനികളുടെ ഇൻഷുറൻസ് എടുക്കുമ്പോൾ വിശദമായി പഠിച്ച ശേഷം വേണമെന്നും വിഡിയോയിൽ പറയുന്നുണ്ട്. കാർ ഓടിക്കുന്നയാൾക്ക് സ്മാർട്ഫോൺ ഇല്ലെങ്കിലും സമാന പ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്നും അപകടത്തിനു ശേഷം ചോദ്യങ്ങൾ ഉയരുന്നു. എന്നാൽ ക്ലെയിമിനു വേണ്ടി മനപ്പൂർവം ഉണ്ടാക്കിയെടുക്കുന്ന തട്ടിപ്പു സംഭവങ്ങളും ഉണ്ടായിട്ടുള്ളതിനാൽ കമ്പനികൾ കൂടുതൽ ജാഗ്രത പാലിച്ചു തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ ഇൻഷുറൻസ് ഡീലർഷിപ്പിൽ നിന്നാണോ അതോ ഓൺലൈനിൽ നിന്നാണോ പോളിസി വാങ്ങിയതെന്ന കാര്യത്തെക്കുറിച്ച് വിഡിയോയിൽ സൂചനകളില്ല.