വാക്കുതര്‍ക്കം, പിടിച്ചുനിര്‍ത്തി കുത്തിക്കൊന്നു; കൊച്ചിയിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍
സ്വവര്‍ഗാനുരാഗിയായ സന്തോഷുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിനു സമീപം വെച്ച് പാലക്കാട് സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന് സന്തോഷിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പോലീസ് പിടിയില്‍. തൃശ്ശൂര്‍ വരന്തരപ്പള്ളി വേലൂപ്പാടം രായംമരക്കാര്‍ വീട്ടില്‍ അഗ്നാന്‍ (21) ആണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ സംഭവശേഷം ചിക്കമഗളൂരുവിലെ ശൃംഗേരിയിലുള്ള റബ്ബര്‍തോട്ടത്തില്‍ വ്യാജപ്പേരില്‍ ജോലി ചെയ്തു വരുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന് അറിയിച്ചു.
പാലക്കാട് കൊല്ലങ്കോട് ആനമാരി ഹൗസില്‍ പൊന്നിച്ചാമിയുടെ മകന് സന്തോഷാണ് (41 ) കൊല്ലപ്പെട്ടത്. ഫെബ്രുവരി മൂന്നാംതീയതി പുലര്‍ച്ചെ നാലരയോടെയായിരുന്നു കൊലപാതകം. കൊല്ലത്തു നിന്ന് എറണാകുളത്ത് എത്തിയ അഗ്നാന്‍ സ്വവര്‍ഗാനുരാഗിയായ സന്തോഷുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അഗ്നാന്‍ കത്തി പുറത്തെടുത്തപ്പോള്‍ ഭയന്നോടിയ സന്തോഷിനെ പിടിച്ചുനിര്‍ത്തി മുതുകില്‍ കുത്തുകയായിരുന്നു.
അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ പിന്‍ഗേറ്റിലൂടെ ഓടിരക്ഷപ്പെട്ട അഗ്നാന്‍ ട്രെയിന്‍ കയറി തൃശ്ശൂരിലെ വീട്ടിലേക്കും അവിടെ നിന്ന് കര്‍ണാടകയിലേക്കും കടന്നു. ട്രാന്‍സ്ജെന്‍ഡര്‍മാരെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം. എന്നാല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതായി കമ്മിഷണര്‍ പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
സന്തോഷിന്റെ കൊലപാതകം: ക്യാമറ ദൃശ്യങ്ങള്‍ നിര്‍ണായകമായി
കൊച്ചി: അംബേദ്കര്‍ സ്റ്റേഡിയത്തിനു സമീപം പാലക്കാട് സ്വദേശി സന്തോഷിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയിലേക്കെത്താന്‍ തുണയായത് സി.സി.ടി.വി. ദൃശ്യങ്ങള്‍. നൂറ്റമ്പതിലധികം സി.സി.ടി.വി. ക്യാമറകളാണ് പോലീസ് രണ്ടാഴ്ചകൊണ്ട് പരിശോധിച്ചത്. സംഭവദിവസം പുലര്‍ച്ചെ 4.39-ന് സന്തോഷ് അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് കയറുന്നതിന്റെയും 4.42-ന് തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ കിട്ടി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 4.44-ന് സ്റ്റേഡിയത്തിന് പിറകിലെ ഗേറ്റിലൂടെ ഒരാള്‍ പുല്ലേപ്പടി ഭാഗത്തേക്ക് ഓടുന്ന ദൃശ്യവും ലഭിച്ചു. ഇതോടെയാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായത്. ഓടിയ ആള് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് കയറുന്ന വ്യക്തമായ ദൃശ്യം പിന്നീട് ലഭിച്ചു.
ഈസമയം പുറപ്പെട്ട ട്രെയിന്‍ കണ്ടെത്തിയ പോലീസ്, പ്രതി തൃശ്ശൂരില്‍ ഇറങ്ങിയതായി മനസ്സിലാക്കി. തുടര്‍ന്ന് ഇയാള്‍ കയറിയ ബസിലെ കണ്ടക്ടറുടെ സഹായത്തോടെ പ്രതി വരന്തരപ്പള്ളി വേലൂപ്പാടം രായംമരക്കാര്‍ വീട്ടില്‍ അഗ്നാന്‍ (21) ആണെന്ന് ഉറപ്പിച്ചു.
സുഹൃത്തുക്കളില്‍നിന്നാണ് അഗ്നാന്‍ ചിക്കമഗളൂരുവിലേക്ക് കടന്നുവെന്ന് മനസ്സിലായത്. മറ്റൊരു സുഹൃത്തിനെക്കൊണ്ട്, ഡ്രൈവര്‍ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ അഗ്നാന്‍, വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഡ്രൈവറായും ജോലി ചെയ്തു. നേരത്തേ ചില കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചിലരില്‍നിന്നും വധഭീഷണിയുള്ളതിനാല്‍ എറണാകുളത്തുനിന്ന് കത്തിവാങ്ങി കൈയില്‍ കരുതിയെന്നാണ് അഗ്നാന്‍ പറയുന്നത്. കേസില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് കമ്മിഷണര്‍ കെ. സേതുരാമന് പറഞ്ഞു.