ഓർഡർ ചെയ്ത ഐ ഫോൺ കൈപ്പറ്റാൻ പണമില്ല; ഡെലിവറി ബോയിയെ കുത്തിക്കൊന്ന് 20കാരൻ, മൃതദേഹം ദിവസങ്ങളോളം വീടിനുള്ളിൽ ഒളിപ്പിച്ചു
ബംഗളൂരു: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐ ഫോൺ വാങ്ങാൻ പണം ഇല്ലാത്തതിനാൽ ഡെലിവറി ബോയിയെ യുവാവ് കുത്തിക്കൊന്നു. കർണാടകയിലെ ഹസനിൽ അരസിക്കരയിലാണ് സംഭവം. പ്രതി ഹേമന്ത് ദത്ത് (20) അറസ്റ്റിലായി.ഫെബ്രുവരി മൂന്നിനാണ് ഹേമന്ത് ദത്ത് ഓൺലൈൻ വഴി സെക്കൻഡ് ഹാൻഡ് ഐ ഫോൺ ഓർഡർ ചെയ്തത്. കാഷ് ഓൺ ഡെലിവറി രീതിയിലായിരുന്നു പണമിടപാട്. ഹേമന്ത് നായിക് (23) എന്ന ഡെലിവറി ബോയ് ആണ് ഫോൺ നൽകാനെത്തിയത്. പണം എടുക്കാനെന്ന വ്യാജേന വീടിനുള്ളിൽ പോയ ഹേമന്ത് ദത്ത് തിരികെ എത്തിയത് ഒരു കത്തിയുമായിട്ടായിരുന്നു. ശേഷം ഡെലിവറി ബോയിയെ പല തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഐ ഫോൺ കൈക്കലാക്കി. മൃതദേഹം ചാക്കിൽകെട്ടി വീടിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു.ഹേമന്ത് നായിക്കിനെ കാണാനില്ലെന്ന് ബന്ധുക്കളും ഡെലിവറി മാനേജ്മെന്റ് കമ്പനിയും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അവസാനമായി ഓർഡർ ഡെലിവറി നടത്തിയ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഹേമന്ത് ദത്തിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. മൃതദേഹം ബൈക്കിൽ കയറ്റി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിന്റെയും കത്തിക്കാനുള്ള ഡീസൽ വാങ്ങി വരുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഐ ഫോൺ സ്വന്തമാക്കണമെന്നത് വളരെ നാളായുള്ള ആഗ്രഹമായിരുന്നുവെന്നും ഓർഡർ ചെയ്യുമ്പോള്‍ മതിയായ പണം കൈവശം ഉണ്ടായിരുന്നില്ലെന്നും പലരോടും കടം ചോദിച്ചിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.