തമ്പി ആള് പഴയതാണെങ്കിലും പരീക്ഷിക്കുന്നത് തട്ടിപ്പിന്റെ ന്യൂജെൻ രീതികൾ, ലക്ഷങ്ങൾ പോയത് നിരവധി പേർക്ക്
പേരൂർക്കട: വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയയാളെ പൊലീസ് അറസ്റ്റുചെയ്തു. ശാസ്തമംഗലം പൈപ്പിന്മൂട് സ്വദേശി ശ്രീകുമാരൻ തമ്പിയെയാണ് പേരൂർക്കട പൊലീസ് പിടികൂടിയത്.ഒരു വീട് കാണിച്ച് പല ഇടപാടുകാരെയും ഇയാൾ ഒരു വർഷത്തിലധികമായി പറ്റിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൈപ്പിന്മൂടിലുള്ള ഇയാൾ താമസിക്കുന്ന വീട് പാട്ടത്തിന് നൽകാനുണ്ടെന്ന് പത്രത്തിൽ പരസ്യം നൽകും. പരസ്യം കണ്ട് ആളുകൾ വിളിക്കുമ്പോൾ അഡ്വാൻസ് തുക വാങ്ങി മറ്റൊരു ദിവസം താക്കോൽ കൈമാറാമെന്ന് കരാർ വയ്ക്കും. പറയുന്ന ദിവസം താക്കോൽ കൈമാറാതെ ശ്രീകുമാരൻ തമ്പി പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. പണം നൽകുന്നവർ പൊലീസിനെ സമീപിച്ചാൽ പിന്നാലെ വിളിച്ച് പകുതി പണം നൽകി താത്കാലിക ഒത്തുതീർപ്പുണ്ടാക്കുന്നതായിരുന്നു ഇയാളുടെ രീതി.ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട് പണം നഷ്ടമായ നാലുപേർ നൽകിയ പരാതി പേരൂർക്കട പൊലിസ് അന്വേഷിച്ചതോടെയാണ് ഇയാൾ പിടിയിലായത്. 35 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ് ഒളിവിൽപോയ ശ്രീകുമാരൻ തമ്പിയെ ഇന്നലെ രാവിലെയാണ് അറസ്റ്റുചെയ്തത്. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ മറ്റ് ചിലരും സ്റ്റേഷനിലെത്തി. ഇവർക്കെല്ലാം അധികം വൈകാതെ പണം നൽകാമെന്ന് വാഗ്ദാനം നൽകി ശ്രീകുമാരൻ തമ്പിയുടെ ബന്ധുക്കൾ മടക്കി അയച്ചു. വീട് നിർമ്മിച്ചു വിൽക്കുന്ന കരാറുകാരനായ ശ്രീകുമാരൻ തമ്പിക്കെതിരെ പണം തട്ടിച്ചതിന് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.