വിവാഹാഭ്യർത്ഥന നിരസിച്ചതിന് 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു, മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; 47കാരൻ പിടിയിൽ
റായ്പൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് 16കാരിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരൻ. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഗുധിയാരി മേഖലയിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ പ്രതിയായ ഓംകാർ തിവാരി എന്ന മനോജിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.ആക്രമിക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കടയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടി ജോലി ഉപേക്ഷിക്കും എന്ന് പറഞ്ഞതിനാലാണ് പ്രതി ആക്രമിച്ചതെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.