ഗണേഷ് ബാബു നായകനായെത്തുന്ന ‘കട്ടില്’ റിലീസിന് ഒരുങ്ങുന്നു
ഇ.വി. ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കട്ടില്’ റിലീസിന് ഒരുങ്ങുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ നാല് ഭാഷകളിലാണ് ചിത്രം എത്തുന്നത്. മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യും.
ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയരംഗത്തുള്ള ഗണേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടില്. ഗണേഷ് ബാബു തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നത്. ശിവകാശി, ഓട്ടോഗ്രാഫ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗണേഷ് ബാബു നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
പരമ്പരാഗതമായ കാഴ്ച്ചപ്പാടുകള്‍ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു കുടുംബ ചിത്രമാണ് കട്ടിലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്ന് തലമുറകളായി ഒരു വീട്ടിലുള്ള കട്ടിലിന്റെ കഥയാണ് ചിത്രം പറയുന്നത്. ശ്രുതി ഡാങ് ആണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് ബി. ലെനിന് ആണ്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റേതാണ് സംഭാഷണം. സംഗീതം -ശ്രീകാന്ത് ദേവ, ഛായാഗ്രഹണം -രവി ശങ്കരന്. മേപ്പില്‍ ലീഫ് പ്രൊഡക്ഷന്‍ സെന്ററിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.ആര്.ഒ -വാഴൂര്‍ ജോസ്.