തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ കാണാതായ ക്രിസ്റ്റ്യന്‍ അട്സുവിന്റെ മൃതദേഹം കണ്ടെത്തി
ഈസ്താംബൂള്‍: തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ കാണാതായ ഘാനയുടെ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ അട്സുവിന്റെ (31) മൃതദേഹം കണ്ടെത്തി. താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അട്സു താമസിച്ചിരുന്ന വസതിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി ആറ് മുതലാണ് താരത്തെ കാണാതായത്. ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ ഹതായ് അന്റാക്യയില്‍ അട്സു താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് തകര്‍ന്നുവീണിരുന്നു.
ഘാന ദേശീയ ടീം അംഗമായ അട്സു നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലാണ് കളിച്ചിരുന്നത്. ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹത്തായ്സ്പോറിന്റെ താരമായിരുന്നു. മുന്‍ ചെല്‍സി താരമായിരുന്ന അട്സു ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി അഞ്ചുവര്‍ഷം പന്തുതട്ടിയിട്ടുണ്ട്. എവര്‍ട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ല്‍ സൗദി അറേബ്യന്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് ചേക്കേറി. സൗദിയില്‍ നിന്നാണ് താരം തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ചു.