വിരാട് കോലിയുടെ പുറത്താകലില്‍ വിവാദം, തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ ടീം
ഡൽഹി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ പുറത്താകലിനെച്ചൊല്ലി വിവാദം. മാത്യു കുനെമാനിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് 44 റണ്‍സെടുത്ത് വിരാട് കോലി പുറത്തായത്. കുന്നെമാനിന്റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിച്ച കോലിക്കെതിരെ ഓസ്ട്രേലിയ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തു. അമ്പയറായ നിതിന്‍ മേനോന് ഔട്ട് വിധിക്കുകയും ചെയ്തു.
എന്നാല്‍ തൊട്ടുപിന്നാലെ റിവ്യു വിരാട് കോലി അമ്പയറുടെ തീരുമാനം റിവ്യു ചെയ്തു. ഡിആര്‍എസില്‍ പന്ത് വിരാട് കോലിയുടെ ബാറ്റിലും പാഡിലുമാണ് കൊള്ളുന്നതെന്ന് വ്യക്തമായെങ്കിലും ആദ്യം ബാറ്റിലാണോ പാഡിലാണോ കൊള്ളുന്നതെന്ന് വ്യക്തമായില്ല. ബാറ്റിന്റെയും പാഡിന്റെയും ഇടയിലായിരുന്നു പന്തെന്നതിനാല് ഒരേസമയം രണ്ടിലും തട്ടാനുള്ള സാധ്യതയും നിലനില്ക്കുന്നു. എന്നാല്‍ മൂന്നാം അമ്പയറായ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്ത് പാഡിലാണ് പന്ത് ആദ്യം തട്ടിയതെന്ന തീരുമാനത്തിലെത്തി.
പിന്നാലെ ബോള്‍ ട്രാക്കിംഗ് എടുത്തു. ബോള്‍ ട്രാക്കിംഗില്‍ പന്ത് ലെഗ് സ്റ്റംപിന്റെ വശത്തെ തട്ടൂവെന്ന് വ്യക്തമായെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതിനാല്‍ തീരുമാനം നിലനിര്‍ത്തി തേര്‍ഡ് അമ്പയറും ഔട്ട് വിളിച്ചു. തേര്‍ഡ് അമ്പയറുടെ തീരുമാനം വന്നതോടെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കളിക്കാര്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.
വിരാട് കോലിയെ പുറത്തായതിന് പിന്നാലെ ശ്രീകര്‍ ഭരത്തിനെ കൂടി ഇന്ത്യക്ക് നഷ്ടമായി. നേഥന്‍ ലിയോണാണ് ശ്രീകര്‍ ഭരത്തിനെ വീഴ്ത്തിയത്. ഇതോടെ ഡല്‍ഹി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് തികച്ച നേഥന്‍ ലിയോണ്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ 100 വിക്കറ്റ് നേട്ടം തികച്ചു. 24 ടെസ്റ്റില്‍ നിന്നാണ് ലിയോണ്‍ 100 വിക്കറ്റ് തികച്ചത്. 22 ടെസ്റ്റില്‍ 100 വിക്കറ്റെടുത്ത ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം അതിവേഗം ഈ നേട്ടത്തിലെത്തുന്ന ബൗളറാണ് ലിയോണ്‍. ഇന്ത്യക്കെതിരെ 139 വിക്കറ്റെടുത്തിട്ടുള്ള ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് പട്ടികയില്‍ മുന്നില്‍.