അഞ്ചാം ക്ലാസുകാരിക്ക് ആടിനെ വാങ്ങിക്കൊടുത്ത് സ്കൂള്‍ അധികൃതര്‍; അഭിനന്ദനവുമായി മന്ത്രി
അസ്ന ഫാത്തിമ എഴുതിയ കത്ത്/ ആടിനൊപ്പം അസ്ന ഫാത്തിമ
ഇടിഞ്ഞാര്‍ സര്‍ക്കാര്‍ ട്രൈബല്‍ ഹൈസ്കൂളിലെ അസ്ന ഫാത്തിമ എന്ന അഞ്ചാം ക്ലാസുകാരി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തന്റെ പ്രിയപ്പെട്ട ആട്ടിന്‍കുട്ടിയെ നഷ്ടമായതിലുള്ള സങ്കടം അറിയിച്ച് സ്കൂളിലെ ‘ആഗ്രഹപ്പെട്ടി’യില്‍ അസ്ന കത്ത് എഴുതിയിട്ടിരുന്നു.
പിതാവിന്റെ ചികിത്സയ്ക്കായാണ് ‘കുഞ്ഞാറ്റ’ എന്ന് പേരുള്ള ആട്ടിന്‍കുട്ടിയെ അസ്നയുടെ വീട്ടുകാര്‍ക്ക് വില്‍ക്കേണ്ടി വന്നത്. അതുപോലെ ഒരു ആടിനെ വാങ്ങാനുള്ള പൈസ ഉപ്പയുടെ കൈയില്‍ ഇപ്പോഴില്ലെന്നും ആ ആഗ്രഹം താന്‍ ആഗ്രഹപ്പെട്ടിയോട് പറയുന്നുവെന്നും കത്തില്‍ അസ്ന എഴുതിയിരുന്നു.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അസ്നയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. അവള്‍ക്ക് കൂട്ടായി ഒരു പുതിയ ആട്ടിന്‍ കുട്ടിയെ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴിതാ സ്കൂള്‍ അധികൃതര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടേയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.