കാഞ്ഞങ്ങാട്: കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളടക്കം ലക്ഷങ്ങളുടെ സാധനങ്ങളടങ്ങിയ ലഗേജുമായി മുങ്ങിയ കാഞ്ഞങ്ങാട്ടെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് ഞാണിക്കടവിലെ പുഴക്കരകല്ലില് സിദ്ദിഖ്(30), ഭാര്യ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന എന്നിവനരെയാണ് വഴിക്കടവ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിൽ താമസിക്കുന്ന വിദേശ ബിസിനസുകാരനയാ ഷംസുദ്ദീന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഗേജാണ് ദമ്പതികള്‍ തട്ടിയെടുത്തത്. ദുബൈയില്‍ വീട്ടുജോലിക്കാരിയായ ഹസീനയും ഷംസുദ്ദീനും ഒരുമിച്ചാണ് ജനുവരി 25ന് പുലര്‍ച്ചെ മൂന്നുമണിയോടെ കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയത്.
ഷംസുദ്ദീന്റെ കൈവശം ബന്ധുക്കളുടെ വിവാഹാവശ്യത്തിനുള്ള വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും സുഗന്ധ ദ്രവ്യങ്ങളുമടക്കം 13 ലക്ഷം രൂപയുടെ സാധനങ്ങടങ്ങിയ ലഗേജ് കൂടതെ കൈവശം മറ്റൊരു ലഗേജുണ്ടായിരുന്നതിനാല് വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജ് വിദേശത്തുനിന്നുതന്നെ ഹസീനയെ ഏല്‍പ്പിച്ചിരുന്നു. വിമാനമിറങ്ങി ഷംസുദ്ദീന് ശുചിമുറിയിലേക്ക് പോയ സമയത്ത് ഹസീന ലഗേജുമായി സ്ഥലം വിട്ടു. ബന്ധുക്കൾ മുഖേനയും മധ്യസ്ഥന്മാർ മുഖേനയും ബാഗുകൾ തിരിച്ചുകിട്ടാൻ ഷംസുദ്ദീൻ ശ്രമം നടത്തിയെങ്കിലും തിരിച്ചു നൽകാൻ ഇവർ തയാറായില്ല. പിന്നീട് ഷംസുദ്ദീൻ വഴിക്കടവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഷംസുദ്ദീന് നല്കിയ പരാതിയില്‍ വഴിക്കടവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ഹസീനയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹസീനയെ ചോദ്യം ചെയ്തതോടെ തട്ടിപ്പില്‍ ഭര്‍ത്താവിനും പങ്കുണ്ടെന്ന് തെളിഞ്ഞു. വിദേശത്തുനിന്ന് എത്തിയ ഹസീനയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ സിദ്ദിഖിനൊപ്പം മംഗളൂരു സ്വദേശികളായ രണ്ട് യുവാക്കളും ഉണ്ടായിരുന്നു. ഇവര്‍ മംഗളൂരുവില്‍ മുറി വാടകക്കെടുത്ത ശേഷം ആഭരണങ്ങള്‍ ഹസീനയും ഭര്‍ത്താവും വീതിച്ചെടുക്കുകയും മറ്റ് സാധനങ്ങള്‍ കൂടെയുണ്ടായിരുന്നവര്വീതിച്ചെടുക്കുകയുമായിരുന്നു.ആഭരണങ്ങള്‍ മംഗളൂരുവില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. ഹസീനയുടെ വീട്ടില്‍ നിന്ന് പൊലീസ് ലാപ്ടോപ്പും മൊബൈലുകളും കണ്ടെടുത്തു. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹസീനയുടെ രണ്ടാം ഭർത്താവായ സാദിഖ് കഞ്ചാവ് കേസിലും അടിപിടി കേസിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രതികൾ എയർപോർട്ട് കേന്ദ്രീകരിച്ച് ലഗേജുകൾ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണികളാണെന്നു പോലീസ് സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം നിർദേശം നൽകിയിട്ടുണ്ട്. വഴിക്കടവ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ എസ്.ഐ വി.എസ്.വിനു , എ എസ് ഐ ഹസൈനാർ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി അബൂബക്കർ ,ടോണി, ജോബി, സാനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്