കേന്ദ്രത്തിന്റെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും, നഗരത്തിലെ ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്ര നിർദേശം
കൊച്ചി: ഇന്ത്യയിലെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. കർശന സുരക്ഷാനിരീക്ഷണം വേണ്ട പ്രദേശങ്ങളാണിത്.കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡും കപ്പൽശാലയും അനുബന്ധപ്രദേശങ്ങളുമാണ് കേന്ദ്രത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിൻ ഷിപ്പ്യാർഡ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, നേവൽജെട്ടി, റോറോ ജെട്ടി, കൊച്ചിൻ പോസ്റ്റ് ട്രസ്റ്റ് ക്വാർട്ടർ, നേവൽ ബേസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സ്, പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കൺ സ്റ്റോറേജ് ഓയിൽ ടാങ്ക്, കുണ്ടന്നൂർ ഹൈവേ, വാക് വേ, നേവൽ എയർപോർട്ട് എന്നിവിടങ്ങളാണ് സുരക്ഷാ മേഖലകളായി നിശ്ചയിച്ചിരിക്കുന്നത്.ഈ മേഖലകളിൽ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. പൊതുജനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ഈ മേഖലകളിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത് ശത്രുരാജ്യങ്ങൾക്ക് സഹായകമാകുമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളാണ് കേരളത്തിന് പുറമേയുള്ള അതീവ സുരക്ഷാ മേഖലകൾ.