10000 രൂപ മുടക്കിയാൽ 25000 രൂപ ലാഭം, നടുന്നെങ്കിൽ ഈ ചീരയാണ് ബെസ്റ്റ്
വിഴിഞ്ഞം: വെണ്ണിയൂർ നെല്ലിവിളയിൽ ചെമ്പട്ട് വിരിച്ച് വ്ലാത്താങ്കരചീരയും വിളവിൽ നൂറ് മേനി കൊയ്ത് നാല് വീട്ടമ്മമാരും. കുടുംബശ്രീ പ്രവർത്തകരായ ഷൈലജ,കുമാരി,ഷിജി,അംബിക എന്നിവരാണ് പട്ടുസാരി ചീര എന്നറിയപ്പെടുന്ന വ്ലാത്താങ്കരചീരയുടെ കർഷകർ. കിലോയ്ക്ക് 4000രൂപ വരുന്ന വിത്ത് വാങ്ങി വിതച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവർ ലാഭം കൊയ്യുന്നത്.നാടൻചീരയ്ക്ക് കിലോയ്ക്ക് 2000 രൂപയാണ് വിലയെങ്കിലും നിറവും രോഗപ്രതിരോധ ശേഷിയും കൂടുതലുളളവയാണ് വ്ലാത്താങ്കര ചീര.നാടൻ ചീരയ്ക്ക് കറുപ്പ് കലർന്ന ചുവപ്പാണെങ്കിൽ ഈ ചീരയ്ക്ക് കടും ചുവപ്പ് നിറമാണ്.അതിനാൽത്തന്നെ മാർക്കറ്റുകളിൽ വൻ ഡിമാന്റ് ഇവയ്ക്കുണ്ട്.ചാണകപ്പൊടി,കോഴിക്കാരം എന്നിവയാണ് പ്രധാന വളം.3 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തുള്ള ഈ കൃഷിയിൽ തടമൊരുക്കുന്നത് മുതൽ വിപണനം വരെയുള്ള ജോലികൾ ചെയ്യുന്നതും ഈ വീട്ടമ്മമാരാണ്. ഒരു കിലോ വിത്ത് പാകിയാൽ ഏകദേശം120 കിലോ ചീരവരെ ലഭിക്കുന്നു.ഒരു കെട്ട് ചീര 400 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത്.ഒരു കെട്ടിൽ ഏകദേശം17കിലോയോളം ചീരയാണുള്ളത്.മാസത്തിൽ 10000 രൂപ മുടക്കിയാൽ 25000 രൂപ വരെ ലാഭം ലഭിക്കുന്നു.അതേസമയം കനത്ത മഴയത്ത് ചീര വിത്തുകൾ ഒലിച്ച് പോകുന്നത് നഷ്ടമുണ്ടാക്കുന്നുവെന്ന് ഇവർ പറയുന്നു.2010ൽ വെറ്റിലക്കൃഷിയിലൂടെയാണ് ഇവർ കൃഷിയിലേക്ക് കടക്കുന്നത്.നിലവിൽ ചീരയ്ക്കാപ്പം,ചതുരപ്പയർ,വള്ളിപ്പയർ,വഴുതന,മരച്ചീനി എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്.വീട്ടു ജോലികൾ തീർത്ത ശേഷമാണിവർ കൃഷിപ്പണിക്ക് സമയം കണ്ടെത്തുന്നത്.