അക്ഷയ് കുമാര്‍ ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പുള്ളിപ്പുലി ആക്രമിച്ചു; സംഭവം ലൊക്കേഷന്‍ സമീപം
അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും ഒന്നിക്കുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് നേരെ പുള്ളിപ്പുലി ആക്രമണം. ചിത്രത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനായ മുംബൈ ഫിലിം സിറ്റിയുടെ പരിസരത്താണ് സംഭവം നടന്നത്. പുലിയുടെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ 27-കാരന് ശ്രാവണ്‍ വിശ്വകുമാറിന് പരിക്കേറ്റു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശ്വകുമാറിന്റെ ചികിത്സാ ചെലവുകള്‍ നിര്‍മാണ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഷൂട്ടിങ് സെറ്റില്‍ നിന്ന് സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ടിട്ട് തിരികെ വരവെയാണ് ആക്രമണം നടന്നത്.
‘തിരികെ വരുമ്പോള്‍ ഒരു പന്നി റോഡിന് കുറുകെ ഓടി. ഇത് കണ്ടതും ഞാന്‍ ബൈക്കിന്റെ വേഗം കൂട്ടി. പെട്ടെന്നാണ് പന്നിയുടെ പിറകെ ഒരു പുള്ളിപ്പുലി ഓടി വരുന്നത് കണ്ടത്. ബൈക്ക് പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു. ഇതിന് പിന്നാലെ എന്റെ ബോധം പോയി. പിന്നെ സംഭവിച്ചതൊന്നും എനിക്ക് ഓര്‍മയില്ല’, ശ്രാവണ്‍ പറഞ്ഞു.
12 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ശ്രാവണ്‍ വിശ്വകുമാര്‍. സംഭവത്തില്‍ പ്രതികരണവുമായി ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് പ്രസിഡന്റ് ശ്യാംലാല്‍ ഗുപ്ത രംഗത്തെത്തിയിട്ടുണ്ട്. 100 ഏക്കര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മുംബൈയിലെ ഫിലിംസിറ്റിയുടെ പരിസരത്ത് ഇത്തരം സംഭവങ്ങള്‍ നിരവധി തവണ നടന്നിട്ടുണ്ടെന്നും പുള്ളിപ്പുലിയില്‍ നിന്നും സുരക്ഷ ഒരുക്കുന്നതിനായി വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിലിംസിറ്റിയില്‍ രാത്രി കാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഉണ്ടാകാറില്ലെന്നും ഇക്കാരണങ്ങള്‍ കൊണ്ട് ഇവിടെ അപകടങ്ങള്‍ പതിവാണെന്നും ശ്യാംലാല്‍ ഗുപ്ത ചൂണ്ടിക്കാട്ടി.