ഏലക്ക വില കുതിക്കുന്നു; ശരാശരി വില 1710ലേക്ക്
കട്ടപ്പന: ഏലത്തിന്റെ ശരാശരി വില കിലോഗ്രാമിന് 1700 രൂപക്ക് മുകളിലേക്ക് ഉയര്‍ന്നതോടെ കര്‍ഷകര്‍ വീണ്ടും പ്രതീക്ഷയില്‍.
മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ശരാശരി വില കിലോഗ്രാമിന് 1710 രൂപയിലെത്തിയത്. കൂടിയ വില 2647 രൂപയും കുറഞ്ഞ വില 1450 രൂപയുമാണ്.അതേസമയം, സ്റ്റോക്ക് മിക്കവാറും നേരത്തേ വിറ്റഴിച്ചിരുന്നതിനാല് വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്ക് കാര്യമായി ലഭിക്കില്ല. ഇപ്പോള്‍ ഓഫ് സീസണായതിനാല്‍ ഉല്പാദനം തീരെയില്ലാത്ത സാഹചര്യമാണ്.
പുറ്റടി സ്പൈസസ് പാര്‍ക്കില്‍ വെള്ളിയാഴ്ച നടന്ന സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്ബനിയുടെ ഓണ്‍ലൈന്‍ ലേലത്തില്‍ ആകെ 81718.1 കിലോഗ്രാം ഏലക്ക ലേലത്തിന് പതിച്ചതില്‍ 76883.4 കിലോഗ്രാം വിറ്റുപോയപ്പോള്‍ കൂടിയ വില കിലോഗ്രാമിന് 2647 രൂപയും ശരാശരി വില കിലോഗ്രാമിന് 1710.67 രൂപയും കര്‍ഷകര്‍ക്ക് ലഭിച്ചു.
ഒരാഴ്ചയായി വില ഉയര്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ട്. വിളവെടുപ്പ് സീസണ് അവസാനിക്കാറായതും ആഭ്യന്തര മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉയര്‍ന്നതുമാണ് വിലവര്‍ധനക്ക് കാരണം. കച്ചവടക്കാരുടെയും കര്‍ഷകരുടെയും പക്കല്‍ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. ഏതാനും വര്‍ഷങ്ങളായി 1000 രൂപക്ക് താഴെയാണ് വില ലഭിച്ചിരുന്നത്. 1500 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി നഷ്ടമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയൂ.
കയറ്റുമതി ഇടിഞ്ഞതാണ് പ്രധാനമായും വിലത്തകര്‍ച്ചക്ക് ഇടയാക്കിയത്. 2017ല്‍ 5000 മെട്രിക് ടണ്ണിന് മുകളിലായിരുന്നു ഏലം കയറ്റുമതി. 2020ല്‍ ഇത് 2000 മെട്രിക് ടണ്ണില്‍ താഴെയായി. 2021ലും കയറ്റുമതി 1500 മെട്രിക് ടണ്ണില്‍ താഴെയായിരുന്നു. എന്നാല്‍, ഈവര്‍ഷം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിപണിയില്‍നിന്നുള്ള റിപ്പോര്‍ട്ട്.