മോഷണം നടത്തി കടന്നുകളയുന്നതിനിടെ അപകടം; ‘വൈഫി’നെ വിളിച്ചപ്പോള് പിടിക്കപ്പെട്ടു
റോഡിൽക്കിടന്നയാളെ ആശുപത്രിയിലെത്തിച്ച മെഡിക്കൽ കോളേജ് പോലീസ് പോക്കറ്റിൽക്കിടന്ന ഫോണിലെ കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ട് അപകടവിവരമറിയിച്ചപ്പോഴാണ് ഫോൺ കൈവശമുള്ളയാൾ ബന്ധുവല്ല മറിച്ച്, മോഷ്ടാവാണെന്ന് അങ്ങേത്തലയ്ക്കൽനിന്ന് മറുപടികിട്ടിയത്
താമരശ്ശേരി: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയിലെത്തിച്ചവർ യുവാവിന്റെ പക്കൽനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, തുമ്പുണ്ടായത് ഒരു മോഷണക്കേസിന്. താമരശ്ശേരി പി.സി.മുക്കിലെ ‘പി.ടി.സ്റ്റോറി’ൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ പണവും സിഗരറ്റ് ഉത്പന്നങ്ങളും മൊബൈൽഫോണും മോഷ്ടിച്ച് മുങ്ങിയ രണ്ടംഗസംഘത്തിലെ യുവാവാണ് മണിക്കൂറുകൾക്കകം മായനാടിന് സമീപത്ത് അപകടത്തിൽപെട്ടത്.
റോഡിൽക്കിടന്നയാളെ ആശുപത്രിയിലെത്തിച്ച മെഡിക്കൽ കോളേജ് പോലീസ് പോക്കറ്റിൽക്കിടന്ന ഫോണിലെ കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ട് അപകടവിവരമറിയിച്ചപ്പോഴാണ് ഫോൺ കൈവശമുള്ളയാൾ ബന്ധുവല്ല മറിച്ച്, മോഷ്ടാവാണെന്ന് അങ്ങേത്തലയ്ക്കൽനിന്ന് മറുപടികിട്ടിയത്. മെഡിക്കൽ കോളേജ് പന്ത്രണ്ടാം വാർഡിൽ ചികിത്സയിൽ കഴിയുന്ന, യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരുവിൽ അഷറഫിന്റെ പി.സി.മുക്കിലെ സ്റ്റേഷനറിക്കടയിലാണ് വ്യാഴാഴ്ച അർധരാത്രിക്കുശേഷം മോഷണം നടന്നത്. അസ്വാഭാവികമായനിലയിൽ രണ്ടു യുവാക്കളെ കടയ്ക്കുപുറത്ത് കണ്ടതോടെ അതുവഴി കടന്നുപോയ ഒരു യാത്രക്കാരൻ കടയുടമയുടെ അയൽവാസിയെ വിവരമറിയിച്ചു. ഇദ്ദേഹം കടയിലെത്തിയപ്പോഴാണ് കവർച്ചനടന്നതായി വ്യക്തമായത്. തുടർന്ന് ഇദ്ദേഹം കടയുടമ അഷ്റഫിന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയും പ്രദേശവാസികൾ സംഘടിച്ച് കടയിലേക്ക് എത്തുകയും ചെയ്തു. കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ എണ്ണായിരം രൂപ വിലവരുന്ന സിഗരറ്റ് ഉത്പന്നങ്ങളും അഞ്ഞൂറുരൂപ വിലമതിക്കുന്ന പഴയ ഒരു മൊബൈൽ ഫോണും ഒരു മിഠായിഭരണിയിൽ സൂക്ഷിച്ച രണ്ടായിരത്തിലധികം രൂപയും അപഹരിച്ച് മുങ്ങിയിരുന്നു.
മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേർ താമരശ്ശേരി ഭാഗത്തുനിന്ന് ബൈക്കിൽവരുന്ന ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. വന്ന ബൈക്കുപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഷ്ടാക്കൾ പിന്നീട് ചുങ്കം ഭാഗത്തുനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ഈ യാത്രയ്ക്കിടെയാണ് ബൈക്ക് അപകടത്തിൽപെട്ടത്. യുവാവിനൊപ്പമുണ്ടായിരുന്ന മോഷണസംഘാംഗം അപകടസ്ഥലത്തുനിന്നും മുങ്ങിയെന്നാണ് സംശയിക്കുന്നത്.
പി.സി.മുക്കിലെ കടയ്ക്കുസമീപം ഉപേക്ഷിക്കപ്പെട്ട ബൈക്ക് മോഷ്ടാക്കൾ ഉപയോഗിച്ചതാവാമെന്ന് സംശയം തോന്നിയ നാട്ടുകാർ തള്ളിനീക്കി അഷ്റഫിന്റെ വീട്ടുപരിസരത്തേക്ക് എത്തിച്ചു. വാഹനനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുദിവസംമുമ്പ് കോഴിക്കോട് ടൗൺ സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണംപോയ ബൈക്കാണതെന്ന് തിരിച്ചറിഞ്ഞു.
‘വൈഫി’നെ വിളിച്ചു; മോഷണം തെളിഞ്ഞു
മോഷണംനടന്ന് മണിക്കൂറുകൾക്കുശേഷം പുലർച്ചെ നാലുമണിയോടെ അഷ്റഫിന്റെ ഭാര്യ സുഹറയുടെ മൊബൈലിലേക്ക് ഒരു ഫോൺവിളിയെത്തി. അപകടത്തിൽപെട്ട് അബോധാവസ്ഥയിലായതിനാൽ തിരിച്ചറിയാതിരുന്ന യുവാവിന്റെ പക്കൽനിന്നു കിട്ടിയ രണ്ടു മൊബൈലുകളിലൊന്നിൽ സിം ഇട്ട പോലീസ് ‘വൈഫ്’ എന്ന് ഫോൺ കോൺടാക്ടിൽ രേഖപ്പെടുത്തിയ നമ്പറിലേക്ക് വിളിച്ചതായിരുന്നു. വിളിയെത്തിയതാവട്ടെ സുഹറയുടെ നമ്പറിലും. അങ്ങനെയാണ് മോഷ്ടിക്കപ്പെട്ട മൊബൈലിൽനിന്നാണ് വിളിക്കുന്നതെന്നും മോഷണസംഘത്തിലെ യുവാവാണ് വാഹനത്തിൽ കടന്നുകളയവെ അപകടത്തിൽപെട്ടതെന്നുമുള്ള സൂചനലഭിക്കുന്നത്. അഷ്റഫിന്റെ പരാതിയിൽ മോഷണത്തിന് താമരശ്ശേരി പോലീസ് കേസെടുത്തു.