തമിഴ്നാട്ടിൽ മലയാളി യുവതിയെ ആക്രമിച്ച സംഭവം; പ്രതി പെയിന്റിംഗ് തൊഴിലാളി? നിർണായക തെളിവ് കണ്ടെടുത്തു
പാലക്കാട്: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പാവൂർ ഛത്രം പൊലീസ്. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ചെരുപ്പിൽ പെയിന്റിന്റെ അംശം കണ്ടെത്തി. ഇതാണ് പ്രതി പെയിന്റിംഗ് തൊഴിലാളിയെന്ന സംശയം ഉയരാൻ കാരണം. പ്രദേശത്തെ പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു.അക്രമി തമിഴ് സംസാരിക്കുന്ന ആളായിരുന്നെന്ന് അക്രമത്തിനിരയായ യുവതിയുടെ കുടുംബം പറഞ്ഞു. ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്സ് ധരിച്ച ആളാണ് അക്രമി എന്നും യുവതി പൊലീസിന് മൊഴി നൽകി. പീഡനത്തിന് വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു. തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയ കൊല്ലം സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തെങ്കാശിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാവൂർ ഛത്രം റെയിൽവേ ഗേറ്റിൽ വ്യാഴാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. ഗാർഡ് റൂമിൽ മൊബൈലിൽ നോക്കിയിരിക്കെ, പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തതോടെ ക്രൂരമായി ആക്രമിച്ചു. സ്വർണാഭരണങ്ങളാണ് ആവശ്യമെങ്കിൽ തരാമെന്ന് യുവതി പറഞ്ഞെങ്കിലും അതല്ല വേണ്ടതെന്ന് പറഞ്ഞായിരുന്നു അക്രമം.ഇറങ്ങിയോടിയെങ്കിലും പിന്തുടർന്ന് ചവിട്ടിവീഴ്ത്തി ട്രാക്കിലൂടെ വലിച്ചിഴച്ചു. അതിനിടെ രക്ഷപ്പെട്ട് തൊട്ടടുത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. റെയിൽവേ ഗേറ്റിൽ നിന്ന് 500 മീറ്റർ അകലെ ഛത്രം റെയിൽവേ സ്റ്റേഷന് സമീപത്തെ വാടകവീട്ടിലാണ് യുവതി ഭർത്താവുമൊത്ത് താമസിക്കുന്നത്.റെയിൽവേ സ്റ്റേഷന് സമീപത്തെ ഗേറ്റുകളിൽ ട്രാഫിക് വിഭാഗം ജീവനക്കാരെയും തുടർന്നുള്ള ഗേറ്റുകളിൽ എൻജിനിയറിംഗ് വിഭാഗത്തിലുള്ളവരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഛത്രം സ്റ്റേഷനിലെ ട്രാഫിക് വിഭാഗത്തിലെ അഞ്ച് ജീവനക്കാരും സ്ത്രീകളാണ്. അതിനാൽ രാത്രി ഡ്യൂട്ടി ഒഴിവാക്കാനാവില്ല. പുരുഷന്മാർക്ക് രാത്രി ഡ്യൂട്ടി നൽകുന്ന തരത്തിൽ ജീവനക്കാരെ പുനർവിന്യസിക്കണമെന്ന ആവശ്യം വർഷങ്ങളായുണ്ടെങ്കിലും നടപ്പായിട്ടില്ല.