ഇത് നിങ്ങൾ ഉദ്ദേശിച്ചയാളല്ല; കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ പഞ്ഞിക്കിട്ട് 24കാരി, സിനിമയെ വെല്ലും ഫൈറ്റ് സീൻ
മനസാന്നിദ്ധ്യവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികളോടും പോരാടി ജയിക്കാൻ സ്ത്രീകൾക്കാകുമെന്നതിന്റെ ഉദാഹരണമാവുകയാണ് ഇരുപത്തിനാലുകാരിയായ നഷാലി അൽമ. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ അൽമ ഒറ്റയ്ക്ക് നേരിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അമേരിക്കൻ സ്വദേശിയായ അൽമ ഫിറ്റനെസ് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ്.ജനുവരി 22നാണ് ഏറെ കയ്യടി നേടിയ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഫ്ളോറിഡയിലെ താമ്പയിലുള്ള ഇൻവൂഡ് പാർക്ക് അപ്പാർട്ട്മെന്റ് കോംപ്ളക്സിലാണ് നഷാലി താമസിക്കുന്നത്. ഇവിടെയുള്ള ജിമ്മിൽ നഷാലി പതിവായി പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ സേവ്യർ തോമസ് ജോൺസ് എന്നയാൾ ഇവിടെയെത്തി ജിമ്മിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നു. ഇതുകണ്ട നഷാലി യുവാവിനായി വാതിൽ തുറന്നുകൊടുക്കുന്നു. ശേഷം വർക്ക് ഔട്ട് തുടരുന്നതിനിടെ യുവാവ് നഷാലിയെ സമീപിക്കുകയും ആക്രമിക്കുകയുമായിരുന്നു. നഷാലി യുവാവിനെ നേരിടുന്നതാണ് വീഡിയോയിലുള്ളത്. ഹിൽസ്ബോറോ കൗണ്ടി ഷെരീഫ് ഓഫീസാണ് വീഡിയോ പങ്കുവച്ചത്.നഷാലി ചെറുത്തുനിന്നതോടെ യുവാവ് പിന്തിരിയുകയായിരുന്നു. മറ്റൊരു യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സേവ്യർ അറസ്റ്റിലായത്. ഏതൊരു സാഹചര്യത്തിലും ഒരിക്കലും തളർന്ന് പിന്തിരിയരുതെന്ന് നഷാലി പറയുന്നു. ഒരിക്കലും തോറ്റ് പിന്തിരിയരുതെന്ന് തന്റെ മാതാപിതാക്കൾ എപ്പോഴും പറയുമായിരുന്നു.അക്രമിയോട് പൊരുതുമ്പോഴും ഇതായിരുന്നു മനസിലെന്നും നഷാലി പറഞ്ഞു.