കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അനിൽ കുമാർ പിടിയിൽ
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിൽ. എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് ഇയാൾ. തമിഴ്നാട് മധുരയിൽ നിന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.അനിൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ നേരത്തേ എതിർത്തിരുന്നു. ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതിൽ ഗൂഢാലോചന ഉണ്ടെന്നും ഇതിനായി മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നും സർട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നുമായിരുന്നു അനിൽ കുമാറിന്റെ മറുപടി.കഴിഞ്ഞ ഓഗസ്റ്റിൽ കളമശേരി മെഡിക്കൽ കോളജിൽ ജനിച്ച കുഞ്ഞിന് വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നതാണ് അനിൽ കുമാറിനെതിരെയുള്ള കേസ്. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തത്. ഇവരുടെ ആവശ്യപ്രകാരം അനിൽകുമാർ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം.അതേസമയം, രേഖകൾ ഇല്ലാത്തത് കാരണം വളർത്താൻ പോലും പറ്റാതെയാകും എന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ടിറങ്ങിയതെന്നാണ് തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴി. കുഞ്ഞിനെ തട്ടിയെടുത്തതല്ലെന്നും, വിവാഹിതരല്ലാത്തതിനാൽ കുഞ്ഞിന്റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു.