വാങ്ങിയ പ്രതിഫലം തിരികെ നല്കി; അപ്രതീക്ഷിതമായി നിര്മാതാവായതിനെക്കുറിച്ച് കാര്‍ത്തിക് ആര്യന്
കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രമായ ഷെഹ്സാദ തെലുങ്കില്‍ വന്‍ വിജയം നേടിയ അല്ലു അര്ജുന് ചിത്രം ‘അല വൈകുണ്ഠപുരമുലോ’യുടെ ഹിന്ദി റീമേക്കാണ്.
ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രമാണ് ഷെഹ്സാദ. ഫെബ്രുവരി 10-ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഫെബ്രുവരി 17-ലേയ്ക്ക് റിലീസ് മാറ്റുകയായിരുന്നു. തെലുങ്കില്‍ വന്‍ വിജയം നേടിയ അല്ലു അര്ജുന് ചിത്രം ‘അല വൈകുണ്ഠപുരമുലോ’യുടെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ.
രോഹിത് ധവാന് സംവിധാനം ചെയ്ത ആക്ഷന്‍-കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഭൂഷണ് കുമാര്‍, ക്രിഷന്‍ കുമാര്‍, എസ്. രാധാകൃഷ്ണ, അമാന്‍ ഗില്‍, കാര്‍ത്തിക് ആര്യന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന് ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഇപ്പോഴിതാ, അപ്രതീക്ഷിതമായ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാവേണ്ടി വന്ന സാഹചര്യം വിശദീകരിക്കുകയാണ് കാര്‍ത്തിക് ആര്യന്. ഇടൈംസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
നടനെന്ന നിലയില്‍ ആദ്യം പ്രതിഫലം കൈപ്പറ്റിയിരുന്നു. പക്ഷേ സിനിമ പതിയെ സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ തുടങ്ങി. നിര്‍മാണത്തിലേയ്ക്ക് ആരെങ്കിലും മുന്നോട്ട് വരേണ്ട സാഹചര്യമുണ്ടായി. സിനിമയുടെ നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഞാന്‍ സ്വീകരിച്ച പ്രതിഫലത്തിന്റെ ഒരു ഭാഗം തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചു, കാര്‍ത്തിക് ആര്യന് പറഞ്ഞു. ഷെഹ്സാദയ്ക്ക് മുന്‍പേ ഭൂല്‍ ഭുലയയ്ക്കായി കരാര്‍ ഒപ്പിട്ടുവെന്നും താരം വ്യക്തമാക്കി.
അതേസമയം, കാര്‍ത്തിക് ആര്യന് നായകനായ ‘ഭൂല്‍ ഭുലയ്യ 2’ വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. ഈ വിജയം ഷെഹ്സാദയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.