‘ഇഷ്ടമായി, പക്ഷേ എന്റെ ഗന്ധർവൻ ഇങ്ങനെയല്ല’; ഫാൻ എഡിറ്റിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
മാളികപ്പുറ’ത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘ഗന്ധർവ ജൂനിയർ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ ഒരു ഫാൻ മേഡ് ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി. കിരീടം ചൂടി ഗന്ധർവന്റെ രൂപത്തിലുള്ള ഉണ്ണിയുടെ ചിത്രമാണിത്.ഈ എഡിറ്റ് തനിക്ക് ഇഷ്ടമായെന്നും എന്നാൽ തന്റെ ഗന്ധർവൻ വ്യത്യസ്തനാണെന്നും’ പോസ്റ്റിൽ ഉണ്ണി കുറിച്ചിട്ടുണ്ട്. ഗന്ധർവ ജൂനിയർ എന്ന ചിത്രം നിങ്ങൾ ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുയെന്നും നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും ഉണ്ണി പറയുന്നു.താരം ഈ ചിത്രം പങ്കുവച്ചതോടെ ഇത് പ്രചരിക്കാൻ തുടങ്ങി. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. പലർക്കും ഉണ്ണി മറുപടിയും നൽകുന്നുണ്ട്. താൻ വ്യത്യസ്തമായ ഒരു ഗന്ധർവനെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുമെന്ന് താരം കമന്റിന് മറുപടിയായി പറയുന്നുണ്ട്.ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിവസമാണ് ‘ഗന്ധർവ ജൂനിയർ’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. അതും ഏറെ ശ്രദ്ധനേടിയിരുന്നു. സെക്കന്റ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.