സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് ഒന്നരവയസ്സുകാരൻ; ശരീരം നീല നിറമായി: അദ്ഭുതരക്ഷ
ന്യൂഡൽഹി∙ വാഷിങ് മെഷീനിൽ വീണ ഒന്നരവയസ്സുകാരന് അദ്ഭുതരക്ഷപ്പെടൽ. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. അമ്മ മറ്റൊരു മുറിയിൽനിന്ന് വസ്ത്രങ്ങൾ എടുക്കാൻ പോയതിനിടെ, കസേരയിൽ കയറിയ കുട്ടി സോപ്പ് വെള്ളം നിറഞ്ഞ വാഷിങ് മെഷീനിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 15 മിനിറ്റോളം കുഞ്ഞ് മെഷീനിൽ കിടന്നു.
ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു ദിവസം തീവ്രപരിചരണ വിഭാഗത്തിലും 12 ദിവസം വാർഡിലും ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവെന്നും തുടർ ചികിത്സകൾ നടക്കുന്നതായും ഡോക്ടർമാർ അറിയിച്ചു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശ്വാസം എടുക്കാനും ബുദ്ധിമുട്ടി. ശരീരം നീല നിറമായി മാറി ഹൃദയമിടിപ്പു കുറയുകയും ചെയ്തു. പൾസും ഉണ്ടായിരുന്നില്ല. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.