മംഗളൂരുവിലെ ജൂവലറി ജീവനക്കാരന്റെ കൊല; അന്വേഷണം കാസർകോട്ടേക്കും
കാസർകോട് : മംഗളൂരുവിലെ ജൂവലറി ജീവനക്കാരനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ കർണാടക പോലീസിന്റെ അന്വേഷണം കാസർകോട്ടും. പ്രതി കാസർകോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാൻസി കടയിലും പുതിയ ബസ് സ്റ്റാൻഡിലും ഇയാൾ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് പ്രതിക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചു.
കഴിഞ്ഞ മൂന്നിനാണ് മംഗളൂരു ഹംപൻകട്ടയിലെ ജൂവലറി ജീവനക്കാരൻ ബൽമട്ട സ്വദേശി രാഘവേന്ദ്ര ആചാരി (50) കൊല്ലപ്പെട്ടത്. ജൂവലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തികൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പിടിക്കാനായിട്ടില്ല. മംഗളൂരു നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് അന്വേഷിക്കുന്നത്.
പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മംഗളൂരു പോലീസിന്റെ 9945054333, 9480805320 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് വിവരങ്ങൾ അറിയിക്കുന്ന ആളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായിരിക്കും.