17-കാരനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പോക്സോ കേസില്‍ അറസ്റ്റില്‍; പിന്നാലെ 72-കാരന്റെ ആത്മഹത്യാശ്രമം
അമ്പലപ്പുഴ: പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിനു മുന്നില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം നടത്തി. അമ്പലപ്പുഴ കരുമാടി തെക്കേപുതുക്കോടം വേണുഗോപാല കൈമളാണ് (72) അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചത്.
വിമുക്തഭടനായ ഇദ്ദേഹം കായികപരിശീലനത്തിന്റെ മറവില്‍ 17-കാരനെ ഉപദ്രവിച്ചതായാണ് പരാതി. ബുധനാഴ്ച വൈകീട്ടാണ് പിടിയിലായത്.
ശൗചാലയത്തിനു മുന്നില്‍ കിടന്ന കോണ്‍ക്രീറ്റ് ചീളുകൊണ്ടാണ് കൈത്തണ്ട മുറിച്ചത്. കൈക്കു മുറിവേറ്റ ഇദ്ദേഹത്തെ പോലീസ് നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവു സാരമുള്ളതല്ലെന്നു പോലീസ് പറഞ്ഞു.