ആർ.എസ്.എസ് – ജമാഅത്തെ ഇസ്ലാമി ചർച്ച: പേടിച്ചു ജീവിക്കുന്നതിന് പകരം സംഘടന പിരിച്ചുവിട്ടു കൂടെ എന്ന് സമസ്ത
കോഴിക്കോട്: ആർ.എസ്.എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചാ വിവാദങ്ങൾക്ക് പിന്നാലെ ജമാഅത്തെ ഇസ്ലാമി പിരിച്ചുവിടണമെന്ന ആവശ്യവുമായി സമസ്ത. ജമാഅത്തെ ഇസ്ലാമി പിരിച്ചു വിട്ട് മുസ്ലിം പൊതുകൂട്ടായ്മയിൽ ലയിക്കണമെന്ന് സമസ്ത സെക്രട്ടറി ഉമർഫൈസി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിരോധിക്കുമോ എന്ന ഭീതിമൂലം സമുദായത്തിന്റെ അഭിമാനം അടിയറവ് വെക്കരുതെന്നും ഉമർഫൈസി പറഞ്ഞു.
സമുദായ സംഘടനകളും ഇന്ത്യയിലെ മതേതര ശക്തികളും സജീവമായി ബി.ജെ.പി. വിരുദ്ധ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ സമുദായത്തെ തന്നെ വഞ്ചിക്കുന്ന രീതിയിൽ അവരുടെ അന്തസിനേയും അഭിമാനത്തിനേയും കളങ്കപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചയാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വം നടത്തിയിട്ടുള്ളത്. ഇങ്ങനെ പേടിച്ച് ജീവിക്കുന്നതിന് പകരം സംഘടന തന്നെ പിരിച്ചുവിട്ട് സമുദായത്തിന്റെ പൊതുധാരയിൽ ലയിക്കണമെന്നും ഉമർഫൈസി ആവശ്യപ്പെട്ടു.
നേരത്തെ ചില മാധ്യമസ്ഥാപനങ്ങൾ നിരോധിക്കാനുള്ള നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമി തന്നെ നിരോധിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ നീങ്ങുമോ എന്ന ഭയം നേതൃത്വത്തിന് പിടികൂടിയിട്ടുണ്ട്. ഭയത്തിന്റെ പേരിലാണ് ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്ക് പോയിരിക്കുന്നതെന്നാണ് സമസ്തയുടെ വിമർശനം.
എന്നാൽ ചർച്ച കീഴടങ്ങലല്ല, ജനാധിപത്യരീതിയിലുള്ള സംവാദത്തിന് അവരമെന്ന പ്രതിരോധമാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വം നടത്തുന്നത്.