മലയാളിയായ റെയിൽവേ ജീവനക്കാരിക്കുനേരെ തമിഴ്നാട്ടിൽ അതിക്രൂര ആക്രമണം, പീഡിപ്പിക്കാനും ശ്രമം, ക്രൂരതയ്ക്കിരയായത് കൊല്ലം സ്വദേശി
ചെന്നൈ: തമിഴ്നാട്ടിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്കുനേരെ അതിക്രൂരമായ ആക്രമണം. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.കല്ലുകൊണ്ട് മുഖത്തിടിച്ച അക്രമികൾ യുവതിയെ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ആളൊഴിഞ്ഞ പ്രദേശത്ത് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണം ഉണ്ടാതെന്നാണ് റിപ്പോർട്ട്. അക്രമികൾ എത്തുമ്പോൾ യുവതിമാത്രമാണ് ഗേറ്റിൽ ഉണ്ടായിരുന്നത്. പ്രതികളെ കണ്ടെത്താൻ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും സൂചന ലഭിച്ചോ എന്ന് വ്യക്തമല്ല.