തിരുവനന്തപുരം: അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ കൊണ്ടുവന്ന ഭവനപദ്ധതി അട്ടിമറിച്ചാണ് ലത്തീൻ പള്ളി തീരം കയ്യേറിയതെന്ന് ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കയ്യേറിയ ഭൂമിയിലെ കച്ചവടത്തിൽ തനിക്ക് പരാതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളെ പള്ളികമ്മറ്റി വഞ്ചിച്ചെന്നതിലേക്ക് നയിക്കുന്ന വെളിപ്പെടുത്തലാണ് ഫിഷറീസ് മന്ത്രി നടത്തിയിരിക്കുന്നത്.
സർക്കാർ തന്നെ സൗജന്യമായി ഭൂമിയും വീടും നൽകുമായിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടതോടെ പള്ളികമ്മിറ്റിക്ക് അങ്ങോട്ട് പണം നൽകി ഒപ്പം ലക്ഷങ്ങൾ നിർമ്മാണങ്ങൾക്കും മുടക്കി മത്സ്യത്തൊഴിലാളികൾ വീട് വയ്ക്കുന്നു. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ പള്ളിക്ക് പണം നൽകിയെന്ന് ഇടവകാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു.കച്ചവടം സർക്കാരും സ്ഥിരീകരിച്ചിരിന്നു . 192 കുടുംബങ്ങൾക്കാണ് പള്ളി കയ്യേറി പ്ലോട്ട് തിരിച്ച് നൽകിയത്. കച്ചവടവും കയ്യേറ്റവും വഞ്ചനയും സർക്കാർ സ്ഥിരീകരിക്കുമ്പോൾ സമീപകാലത്തെ ഏറ്റവും വലിയ തീരചൂഷണത്തിന്റെ ചുരുളുകളാണ് അഴിയുന്നത്.