പാർക്കിൽ കളിക്കാനെത്തിയ അഞ്ച് വയസ്സുകാരിയെ കടിച്ചുകീറി നായ; അമ്പത് സ്റ്റിച്ച്
മനുഷ്യനോട് ഏറ്റവും കൂറുള്ള വളർത്തുമൃഗം ആണ് നായ എങ്കിലും ആക്രമണ സ്വഭാവത്തിലും ഇവ ഒട്ടും പിന്നിലല്ല. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി സംഭവങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളും മുതിർന്നവരും ഒരുപോലെ നായകളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.
സമ്മാനമായ രീതിയിൽ നായയുടെ ആക്രമണത്തിന് കഴിഞ്ഞദിവസം ഫ്ലോറിഡയിൽ ഇരയായത് പാർക്കിൽ കളിക്കാൻ എത്തിയ അഞ്ചുവയസ്സുകാരിയാണ്. അമ്മയ്ക്കൊപ്പം പാർക്കിൽ കളിക്കാനായി എത്തിയ കുട്ടിയെ പാർക്കിലെത്തിയ മറ്റൊരു സന്ദർശകന്റെ നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശരീരത്തിൽ 50 സ്റ്റിച്ചുകളാണ് ഉള്ളത്. കൂടാതെ പലയിടങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്.
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിലെ ഒരു പാർക്കിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടന്നത്. അമ്മയോടൊപ്പം ആണ് അഞ്ചുവയസ്സുകാരിയായ പെൺകുട്ടി പാർക്കിൽ കളിക്കാൻ എത്തിയത്. അമ്മയ്ക്കൊപ്പം പാർക്കിലൂടെ നടക്കുന്നതിനിടയിലാണ് അവരുടെ സമീപത്തു കൂടി തന്റെ വളർത്തുനായയുമായി ഒരാൾ വന്നത്. മുൻ പരിചയമൊന്നുമില്ലാതിരുന്നിട്ട് കൂടിയും അവർ കുട്ടിയെ നായയെ കളിപ്പിക്കാൻ ക്ഷണിച്ചു. നായയെ കണ്ട കൗതുകത്തിൽ കുട്ടി നായക്ക് അരികിലേക്ക് നീങ്ങിയതും തീർത്തും അപ്രതീക്ഷിതമായി നായ കുട്ടിയുടെ മുഖത്ത് ചാടി കടിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ നിലത്തേക്ക് മറിഞ്ഞുവീണ കുട്ടിയെ നായ വീണ്ടും ആക്രമിക്കാൻ ആയി അവളുടെ ശരീരത്തിലേക്ക് ചാടിക്കയറി.
ഇതിനിടയിൽ കുട്ടിയുടെ അമ്മ നായയെ പിടിച്ചു മാറ്റുന്നതിനായി പലതവണ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. ഉടമയോട് നായയെ നിയന്ത്രണത്തിൽ ആക്കാൻ പലതവണ അവർ പറഞ്ഞെങ്കിലും ഉടമയായ സ്ത്രീ അതിനു ശ്രമിച്ചില്ല എന്നാണ് കുട്ടിയുടെ അച്ഛനായ ഫ്ളോറിയൻ ആരോപിക്കുന്നത്. വലിയ മൽപ്പിടുത്തം നടത്തിയതിനുശേഷം ആണ് തൻറെ ഭാര്യക്ക് നായയിൽ നിന്നും കുട്ടിയെ രക്ഷിച്ചെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ആയത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനിടയിൽ ഉടമ നായയുമായി പാർക്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു എന്നും ഇദ്ദേഹം പറയുന്നു.
എന്നാൽ പിന്നീട് പൊലീസ് ഇവരെ കണ്ടെത്തുകയും നായയെ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയും ചെയ്തു. ഏത് ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത് എന്ന് പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയുടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തതായാണ് കുട്ടിയുടെ പിതാവ് പറയുന്നത്. മുഖത്തിന് നായയുടെ കടിയേറ്റു എങ്കിലും കണ്ണുകൾക്ക് പരിക്കേൽക്കാതിരുന്നത് ഭാഗ്യമായെന്നും ഇദ്ദേഹം പറയുന്നു. തീർത്തും അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ കുഞ്ഞ് മാനസികമായും ഏറെ തളർന്നുപോയി എന്നാണ് ഇദ്ദേഹം പറയുന്നത്. നായയുടെ ഉടമയ്ക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് ഇപ്പോൾ ഇദ്ദേഹം.