അഞ്ച് വർഷം വരെ കാലാവധി ലഭിക്കും പ്രവാസികൾക്കിടയിൽ ആവശ്യക്കാരേറി ഗ്രീൻ വിസ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ദുബായ്: വിവിധ തൊഴിൽ മേഖലയിലെ യോഗ്യരായവർക്ക് ലഭിക്കുന്ന ഗ്രീൻ വിസയ്ക്ക് പ്രവാസികൾക്കിടയിൽ ആവശ്യക്കാരേറുന്നു. വിദഗ്ധ തൊഴിലാളികള്‍, ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികൾ എന്നിവർക്കാണ് അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗ്രീൻ വിസകൾക്കായി അപേക്ഷിക്കാനാവുക.അഞ്ച് വർഷം കാലവധിയുള്ള ഗ്രീൻ വിസയ്ക്ക് വേറെ സ്പോൺസറിന്റെ ആവശ്യമില്ല. വിസയ്ക്ക് യോഗ്യരായവർക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ഈ സമയത്ത് യുഎഇയിലെത്തി വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാനായി യോഗ്യത നേടിയവർക്കും ആറ് മാസത്തേയ്ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ച് കിട്ടാം.ജി.ഡി.ആര്.എഫ്.എ വെബ്സൈറ്റ് വഴി തന്നെ ഗ്രീൻ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് പെർമിറ്റ് നേടാം. ഇമെയിൽ മുഖാന്തരമായിരിക്കും പെർമിറ്റ് ലഭിക്കുക. ആമെർ സെന്ററുകൾ വഴിയും അപേക്ഷിക്കാം. 60 ദിവസത്തെ പെർമിറ്റിനായി ഫീയിനത്തിൽ 333.75 ദിർഹം നൽകണം. നിലവിൽ യുഎഇയിൽ താസമാക്കിയവർ 650 ദിർഹം അധികമായി അടയ്ക്കേണ്ടി വരും.