ആകാശ് തില്ലങ്കേരിയെ ഒതുക്കാൻ പുറത്തെടുക്കുന്നത് കാപ്പ, പാർട്ടി പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി സി പി എം
കണ്ണൂർ: സി പി എമ്മിന് തലവേദനയായി തീർന്ന ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി നാടുകടത്താൻ പൊലീസ് നീക്കം. നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആകാശിനെതിരെയുള്ള കേസുകൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അധികം വൈകാതെ നടപടി ഉണ്ടാവും എന്നാണ് അറിയുന്നത്.
അതേസമയം, തനിക്കെതിരെ സംസാരിച്ച ഡി വൈ എഫ് ഐ വനിതാ നേതാവിനെതിരെയുള്ള വ്യക്തിഹത്യ ആകാശ് തില്ലങ്കേരി തുടരുകയാണ്. ഒളിവിലിരുന്ന് സോഷ്യൽ മീഡിയയിലൂടെയാണ് വ്യക്തിഹത്യ തുടരുന്നത്. ആകാശിനെ ഇതുവരെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടാണെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ ആകാശിനെ കണ്ടെത്താനാവുന്നില്ലെന്നും ടവർ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.
അതിനിടെ, ആകാശ് ഉണ്ടാക്കുന്ന പ്രകോപനങ്ങളിൽ ചെന്നുചാടരുതെന്ന മുന്നറിയിപ്പുമായി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. എന്തൊക്കെ പ്രകോപനമുണ്ടാക്കിയാലും ഒരു പ്രതികരണവും നടത്തരുതെന്നാണ് പാർട്ടി നേതൃത്വം സിപി എം, ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നൽകിയിരുന്ന കർശന നിർദ്ദേശം. ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കുമെന്നും അണികളെ പാർട്ടി അറിയിച്ചിട്ടുണ്ട്. ആകാശിനെതിരെ പ്രതികരിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾക്കിടയാക്കുമെന്നും അത് പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നിൽ.
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സമൂഹമാദ്ധ്യമങ്ങളിൽ ഇയാളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വാക്പോര് രൂക്ഷമാണ്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന ആകാശിന്റെ വിമർശനം വിവാദമായിരുന്നു. ആകാശിന്റെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.